വരന്തരപ്പിള്ളി: എസ്‌റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ വനംവകുപ്പുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കേരള വനിത കമ്മീഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രൻ. വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ടുകണ്ടു മനസിലാക്കാൻ കഴിഞ്ഞവർഷം മുതൽ വനിതാ കമ്മീഷൻ ക്യാമ്പുകളും പബ്ലിക് ഹിയറിംഗുകളും നടത്തിവരുന്നതായും അവർ പറഞ്ഞു
കന്നാറ്റുപാടം പാലപ്പിള്ളി ഗവ. ഹൈസ്‌കൂളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. കെ. ചന്ദ്രശോഭ, കെ.എസ്. രാജേഷ്, അജിത സുധാകരൻ, ഇ.യു. സൗമ്യ, മാല അരവിന്ദൻ, ഷീല ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു. ചർച്ചകൾക്ക് വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നേതൃത്വം നൽകി.