തൃശൂർ: സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധിപേർ സാഹിത്യ അക്കാഡമിയിലെത്തി. മന്ത്രി കെ. രാജൻ, എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, ടി.ജെ. സനീഷ് കുമാർ, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്, പ്രിയനന്ദനൻ, എഴുത്തുകാരായ ഡോ. എസ്.കെ. വസന്തൻ, ടി.ഡി. രാമകൃഷ്ണൻ, ഡോ. പി.വി. കൃഷ്ണൻ നായർ, ശ്രീമൂലനഗരം മോഹൻ, അഷ്ടമൂർത്തി, കെ. രഘുനാഥൻ, കവി രാവുണ്ണി , എൻ. രാജൻ, വി.ഡി. പ്രേംപ്രസാദ്, എം.എൻ. വിനയകുമാർ, ഡോ. ശ്രീലത വർമ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കോൺഗ്രസ് നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ ടി.വി. ചന്ദ്രമോഹൻ, ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, സി.പി.എം ജില്ലാകമ്മിറ്റി അംഗം പി.എം. അഹമദ്, നാട്ടിക ഏരിയാ സെക്രട്ടറി എം. ഹാരിസ് ബാബു, ജോൺ സിറിയക് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
നിശിതമായ രചനാശൈലിയാൽ ശ്രദ്ധേയൻ
തൃശൂർ: സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ വിയോഗം ദുഃഖകരമാണെന്നും നിരന്തര സാംസ്‌കാരിക ജാഗ്രതയോടെ മലയാളത്തിന്റെ സാഹിത്യഭൂമികയിൽ ഇടപെട്ട അദ്ദേഹം സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ടും നിശിതമായ രചനാശൈലി കൊണ്ടും ശ്രദ്ധേയനായെന്നും സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അനുസ്മരിച്ചു.
മലയാളത്തിന്റെ സാഹിത്യവിമർശന മേഖലയ്ക്ക് അതുല്യനായ ഒരു പ്രതിഭയെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമായത്. വൈസ് പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം സാഹിത്യ അക്കാഡമിക്ക് നൽകിയ സംഭാവനകളെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനതായ നിരൂപണശൈലിക്ക് ഉടമ
തൃശൂർ: മലയാള സാഹിത്യത്തിൽ തനതായ നിരൂപണശൈലി രൂപപ്പെടുത്തിയ സാഹിത്യ പ്രതിഭയായിരുന്നു ബാലചന്ദ്രൻ വടക്കേടത്തെന്ന് മന്ത്രി കെ. രാജൻ. നിരൂപണവും ക്രിയാത്മക വിമർശനവും വഴി അദ്ദേഹം മലയാള സാഹിത്യ ശാഖയിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയും തനതായൊരു വഴി വെട്ടിത്തെളിക്കുകയും ചെയ്തുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.