ചാലക്കുടി: ദേശീയ പാതയിലെ പോട്ട സർവീസ് റോഡ് നവീകരണം ഇന്ന് മുതൽ ആരംഭിക്കും. നിർമ്മാണത്തിന് മുന്നോടിയായി റോഡിന്റെ അളവെടുക്കൽ പൂർത്തിയായി. 5.5 മീറ്ററിൽ ടാറിംഗും 7 മീറ്ററിൽ കാനനിർമ്മാണവുമാണ് നടത്തുന്നത്. ഡ്രൈനേജാണ് ആദ്യം നിർമ്മിക്കുന്നത്. ദേശീയ പാതയുടെ നിർമ്മാണത്തിലെ മാനദണ്ഡപ്രകാരം സർവീസ് റോഡിന് 5.5 മീറ്ററാണ് വീതി. എന്നാൽ സുഗമമായ ഇരുവരി ഗതാഗതത്തിനു വേണ്ടി ഈ പ്രദേശത്ത് ഏഴ് മീറ്റർ വീതി വേണമെന്ന് നഗരസഭ കൗൺസിലർമാരും പോട്ട മർച്ചന്റ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ഏഴ് മീറ്റർ വീതിയുള്ള റോഡിന്റെ സ്ഥലമെടുപ്പ് എൻ.എച്ച്.ഐ ഉദ്യോഗസ്ഥർ നേരത്തെ പൂർത്തിയാക്കിയിരുന്നു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, വത്സൻ ചമ്പക്കര എന്നിവരും സ്ഥലത്തെത്തിയിരുന്നു.