കൊടുങ്ങല്ലൂർ : ഉപജില്ലാ ശാസ്‌ത്രോത്സവത്തിൽ ക്രമക്കേട് നടത്തി ഒരു വിദ്യാർത്ഥി വിവിധ ഇനങ്ങളിൽ മത്സരിച്ചതായി പരാതി. ശാസ്‌ത്രോത്സവ മാന്വൽ പ്രകാരം ഒരു കുട്ടിക്ക് ക്വിസ് മത്സരത്തിന് പുറമേ മറ്റൊരു ഇനത്തിൽ കൂടി പങ്കെടുക്കാനാണ് അവസരമുള്ളത്. എന്നാൽ മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുമെത്തിയ ചില വിദ്യാർത്ഥികളാണ് ചട്ടം ലംഘിച്ച് ഒന്നിലധികം ഇനങ്ങളിൽ മത്സരിച്ചത്.

ആതിഥേയരായ പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ സംഘാടകർക്ക് പരാതി നൽകിയതിനെ തുടർന്നാണ് വിഷയം ചർച്ചയായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികളുടെ എൻട്രി നടത്തിയതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത ഇനങ്ങളിൽ അധികമായി ഉള്ളവയിൽ നിന്നും അവരെ അയോഗ്യരാക്കിയതായി എ.ഇ.ഒ മൊയ്തീൻകുട്ടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ജെ.ദാമു എന്നിവർ അറിയിച്ചു.