
മലക്കപ്പാറ: തമിഴ്‌നാട് വാൽപ്പാറയിൽ പുലി നാല് വയസുകാരി കടിച്ചുകൊന്നു. ജാർഖണ്ഡ് സ്വദേശി അനുൽ അൻസാരിയുടെയും നാസിരൻ ഖാട്ടുവിന്റെയും മകൾ അപ്‌സർ കാത്തൂരാണ് മരിച്ചത്. വാൽപ്പാറയിലെ ഉഴമല മറ്റത്ത് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ കാട്ടിൽ നിന്നെത്തിയ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ വലിച്ചിഴച്ച് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോയി. ഈ സമയം മാതാപിതാക്കൾ എസ്റ്റേറ്റിൽ ജോലിയിലായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചലിലാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചു. തലയുടെ ഭാഗത്തായിരുന്നു ആക്രമണം. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.