 
തൃശൂർ : പ്രചാരണ രംഗത്ത് മൂന്ന് മുന്നണികളും സജീവമായതോടെ ചൂടുപിടിച്ച് ചേലക്കരയിലെ തിരഞ്ഞെടുപ്പ് രംഗം. കഴിഞ്ഞതവണ റെക്കാഡ് ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ്, ഭൂരിപക്ഷം കുറഞ്ഞാലും വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. സ്ത്രീ വോട്ടർമാർ തന്നെയാകും ഇത്തവണയും നിർണായകം. അതുകൊണ്ട് സ്ത്രീകൾ നേരിടുന്ന വിഷയങ്ങളും മറ്റും മണ്ഡലത്തിൽ സജീവ വിഷയമാണ്. മൂന്ന് മുന്നണികളും അവരുടെ പോഷക സംഘടനകളെ സജീവമാക്കി രംഗത്തിറക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ഭൂരിഭാഗവും എൽ.ഡി.എഫാണ് വിജയിച്ചതെന്ന റെക്കാഡാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. കഴിഞ്ഞതവണ യു.ഡി.എഫിനേക്കാൾ 9.60 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് കൂടുതൽ ലഭിച്ചത്. മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനേട്ടമാണ് യു.ഡി.എഫിനും എൻ.ഡി.എയ്ക്കും പ്രതീക്ഷ നൽകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാകുമെന്നും അവർ വിശ്വസിക്കുന്നു.
ക്രൈസ്തവ ദേവാലയങ്ങളിലെത്തി രമ്യ ഹരിദാസ്
ചേലക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്നലെ രാവിലെ ചേലക്കരയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. ഉച്ചകഴിഞ്ഞ് വരവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വോട്ടഭ്യർത്ഥിച്ചു.
വില്വാദ്രിനാഥനെ വണങ്ങി കെ. ബാലകൃഷ്ണന്റെ പ്രചാരണത്തുടക്കം
ചേലക്കര: എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ തിരുവില്യാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തിരാവില്വാമല പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഇന്നലെ പ്രചാരണം നടത്തിയത്. തുടർന്ന് വൈകുന്നേരം ചേലക്കരയിൽ റോഡ് ഷോയും നടത്തി.
അന്തിമ വോട്ടർ പട്ടിക ഉടൻ
ചേലക്കര നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടർമാർ 2.11 ലക്ഷം കടന്നു. തിരഞ്ഞെടുപ്പ് വിഭാഗത്തിലെ 29 വരെയുള്ള കണക്ക് പ്രകാരം 2,11,211 വോട്ടാണുള്ളത്. ഇതിൽ പുരുഷന്മാർ 1,01,068, സ്ത്രീകൾ 1,10,140. ട്രാൻസ്‌ജെൻഡർ മൂന്ന് പേർ. ഇതിൽ 315 ജീവനക്കാരുടെ വോട്ടുണ്ട്. പുതുതായി വോട്ടർമാരെ ചേർക്കാൻ ഒക്‌ടോബർ 15 വരെയായിരുന്നു സമയം. അതുവരെ ലഭിച്ച അപേക്ഷകൾ 25നകം പരിശോധിച്ച് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
മുഖ്യമന്ത്രി 25ന് ചേലക്കരയിൽ
ചേലക്കര മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 25ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാവിലെ പത്തിന് മേപ്പാടത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിനായി പ്രസംഗിക്കും. ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. മേഖലാ കൺവെൻഷനുകൾ 26 മുതൽ ആരംഭിക്കും.
ലഭിച്ച വോട്ടും ശതമാനവും
കെ.രാധാകൃഷ്ണൻ (സി.പി.എം) 83,415 (54.15 %)
സി.സി.ശ്രീകുമാർ (കോൺഗ്രസ്) 44,015 (28.71 %)
ഷാജുമോൻ വട്ടേക്കാട്ട് (ബി.ജെ.പി) 24,045 (15.41%)
ചന്ദ്രൻ തിയ്യത്ത് (എസ്.ഡി.പി.ഐ) 1120 (0.73 %)
യു.ഡി.എഫ് - എൽ.ഡി.എഫ് - വ്യത്യാസം 9.60 %
ആകെ വോട്ട് 2,02,283.
പുരുഷന്മാർ 97,303
സ്ത്രീകൾ 1,04,980
(കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക്)