വടക്കാഞ്ചേരി: ജില്ലയിൽ ജനവാസ കേന്ദ്രങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി. വൈ) പദ്ധതി പ്രകാരം 1.76 കോടി രൂപ ചെലവഴിച്ച് വൈദ്യുത വേലി നിർമ്മിക്കുന്ന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ആരംഭിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പറഞ്ഞു. അകമല പ്രദേശത്തെ വൈദ്യുതിവേലി നിർമ്മാണവും പദ്ധതിയുടെ ഭാഗമാണ്. പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച വീടുകൾ വി.എസ്. പ്രിൻസ് സന്ദർശിച്ചു. സംസ്ഥാന സർക്കാരും വനം വകുപ്പും വന്യമൃഗ ശല്യം പരിഹരിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഊർജിതമാക്കും. കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. സി.പി.ഐ. നേതാക്കളായ എം.ആർ. സോമനാരായണൻ, ഇ.എം.സതീശൻ, എം.യു കബീർ, ഒ.ആർ. ഷീലാമോഹൻ, എം.എ. വേലായുധൻ, കെ.പി.തോമസ്, കെ.എ.അബ്ദുൾ സലിം, പി. സതീഷ്‌കുമാർ, എ.എ.ചന്ദ്രൻ, എ.എ.റിയാസ്, കെ.കെ.സരേന്ദ്രൻ, സി.വി. പൗലോസ്, സി.രഘു എന്നിവരും പ്രിൻ സിപ്പിനോടൊപ്പം സ്ഥലം സന്ദർശിച്ചു.