കൊടുങ്ങല്ലൂർ: ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മിച്ച് ജനങ്ങൾക്ക് സഞ്ചാരസൗകര്യം ഒരുക്കണമെന്ന് സി.പി.ഐ മേഖലാ സംഘടനാ ക്യാമ്പ് ദേശീയപാതാ അതോറിറ്റിയോടും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും ആവശ്യപ്പെട്ടു. ക്ഷേത്രനഗരിയായ കൊടുങ്ങല്ലൂരിലെ പ്രാധാന പ്രവേശന കവാടമാണ് സി.ഐ ഓഫീസ് ജംഗ്ഷൻ. ആയിരക്കണക്കിന് ജനങ്ങളുടെ സഞ്ചാരവഴി അടച്ചുകെട്ടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. കൂടാതെ, വികസനത്തിന്റെ സൗകര്യവും ഗുണഫലവും നിഷേധിക്കുകയാണെന്നും സി.പി.ഐ ആരോപിച്ചു.
എലിവേറ്റഡ് ഹൈവേ കർമ്മ സമിതി വർഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് നിരന്തരം സമരരംഗത്താണ്. ഒക്ടോബർ 25ന് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹർത്താലിന് സി.പി.ഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇത് ഉൾപ്പെടെ മുഖ്യആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 29ന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂർ വടക്കെ നടയിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിക്കും.
ഏകദിന ക്യാമ്പ് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. കെ.ജി. ശിവാനന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. വസന്തകുമാർ, വി.ആർ. സുനിൽ കുമാർ എം.എൽ.എ, സി.സി. വിപിൻ ചന്ദ്രൻ, സുമ ശിവൻ എന്നിവർ പ്രസീഡിയം അംഗങ്ങളായി. പി.പി. സുഭാഷ് പ്രമേയം അവതരിപ്പിച്ചു. സി.പി. എലിസബത്ത് പതാക ഉയർത്തി. സി.കെ. രാമനാഥൻ സ്വാഗതവും വി.ബി. രതീഷ് നന്ദിയും പറഞ്ഞു.