
#കൺവെൻഷന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
തൃശൂർ : എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.ബാലകൃഷ്ണനെ കൂടി പ്രഖ്യാപിച്ചതോടെ കൺവെൻഷനുകളുമായി മുന്നണികൾ പ്രചാരണം കൊഴുപ്പിക്കുന്നു. ഇന്ന് രാവിലെ പത്തിന് ചേലക്കരയിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫിന്റെ മേഖലാ കൺവെൻഷൻ 26 മുതൽ ആരംഭിക്കും. 25ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എൻ.ഡി.എയ്ക്കായി കേന്ദ്രമന്ത്രിമാരുൾപ്പെടെ രംഗത്തെത്തും.
അതിരാവിലെ രംഗത്തിറങ്ങുന്ന സ്ഥാനാർത്ഥികൾ രാത്രി വൈകിയും വോട്ടർമാർക്കൊപ്പമാണ്. പ്രചാരണത്തിൽ ആദ്യം ഇറങ്ങിയെന്നതും സ്ഥാനാർത്ഥി നിർണയത്തിലെ മേൽക്കൈയും നേട്ടമാകുമെന്നാണ് യു.ഡി.എഫ് പറയുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ വൈകൽ പ്രചാരണത്തെ ബാധിക്കില്ലെന്നാണ് എൽ.ഡി.എഫും എൻ.ഡി.എയും അവകാശപ്പെടുന്നത്. ഇതിനിടെ അൻവർ ഡി.എം.കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായി കൂടിക്കാഴ്ച്ച നടത്തി. യു.ഡി.എഫിന്റെ ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ മറ്റിടങ്ങളിലേത് പിൻവലിക്കാമെന്ന ഉപാധിയും വച്ചു.
കഴിഞ്ഞദിവസം റോഡ് ഷോയോടെ രംഗത്തിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ് ഇതിനോടകം എല്ലാ പഞ്ചായത്തിലും ഹ്രസ്വ സന്ദർശനം നടത്തി. സ്ഥാനാർത്ഥിയുടെ പര്യടനത്തിനിടെ കൺവെൻഷനുമായി യു.ഡി.എഫ് കളം നിറയുകയാണ്. തുടർന്ന് പഞ്ചായത്ത്, ബൂത്തുതല കൺവെൻഷനിലേക്കും കടക്കും. ഇതിനുശേഷം കുടുംബ സംഗമത്തിലേക്കും പൊതുയോഗങ്ങളിലേക്കും.. അവസാനമാണ് രംഗത്തെത്തിയതെങ്കിലും എൻ.ഡി.എ ക്യാമ്പും സജീവം. ഇന്നലെ രാവിലെ തിരുവില്വാമല ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ പ്രചാരണത്തിന് തുടക്കമിട്ടത്. വൈകിട്ട് ചേലക്കരയിൽ നൂറുക്കണക്കിന് പേരെ അണിനിരത്തി റോഡ് ഷോ നടന്നു..