ചെറുതുരുത്തി: ചെറുതുരുത്തി കലാമണ്ഡലത്തിന് മുൻപിലെ വഴിയിടം വിശ്രമ കേന്ദ്രം മാസങ്ങളായി വിശ്രമത്തിൽ. ലക്ഷങ്ങൾ ചെലവഴിച്ച് സാംസ്‌കാരിക നിലയത്തിന് മുമ്പിൽ ഒരു വ്യാപാര മുറിയും രണ്ട് ശുചിമുറിയും ഉൾപ്പെടെ നിർമ്മിച്ച വിശ്രമ കേന്ദ്രം 2021 ൽ ഉദ്ഘാടനം കഴിഞ്ഞിരുന്നു. പിന്നീട് അഡ്വാൻസ് തുകയായി 1,25000 രൂപയും നികുതി ഉൾപ്പെടെ 5900 രൂപ മാസം വാടക ഈടാക്കി നടത്തിപ്പിന് നൽകിയിരുന്നു. എന്നാൽ ശുചിമുറികൾ അടഞ്ഞുതന്നെ കിടന്നു. മാസങ്ങൾക്ക് ശേഷം ടെൻഡറെടുത്ത വ്യക്തി വഴയോര വിശ്രമ കേന്ദ്രം പഞ്ചായത്തിനെ തിരിച്ചേൽപ്പിച്ചു. തുടർന്ന് പഞ്ചായത്ത് ടെൻഡർ വെച്ചെങ്കിലും ആരും ഈ തുകയ്ക്ക് മുന്നോട്ട് വന്നില്ല. എന്നാൽ കുറഞ്ഞ മാസ വാടകയ്ക്ക് ഇഷ്ടക്കാർക്ക് നൽകാൻ വേണ്ടിയാണ് ഇത്തരം നടപടികളെന്നും ആക്ഷേപവുമുണ്ട്.
...................................
ആശ്രയിക്കുന്നത് പെട്രോൾ പമ്പിലെ ശുചിമുറി
സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ചെറുതുരുത്തി കലാമണ്ഡലത്തിലെ ശുചിമുറിയുടെ അപര്യാപ്തയ്ക്ക് പരിഹാരമായി വഴിയിടം വിശ്രമ കേന്ദ്രത്തെ മാറ്റാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ഒരു ദിവസം 300 ൽ അധികം വിദ്യാർത്ഥികളാണ് കാലമണ്ഡലത്തിൽ എത്തുന്നത്. നിലവിൽ ഇവർ കലാമണ്ഡലത്തിലെ ശുചിമുറിയും തൊട്ടടുത്ത പെട്രോൾ പമ്പിനെയുമാണ് ആശ്രയിക്കുന്നത്.
നിലവിൽ വള്ളത്തോൾ നഗർ പഞ്ചായത്തിൽ പൊതുശൗചാലയം ഇല്ല.
എത്രയും പെട്ടെന്ന് തന്നെ ടെൻഡർ നടപടികൾ ആരംഭിച്ച് തുറന്നു പ്രവർത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
ഷെയ്ഖ് അബ്ദുൽ ഖാദർ
വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ്