ചാലക്കുടി: എണ്ണപ്പനത്തോട്ടങ്ങളിൽ കാട്ടാനകൾ തമ്പടിക്കുന്നത് മലയോര നിവാസികളുടെ ജീവിതം താറുമാറാക്കുന്നു. വർഷങ്ങളായി ഇവർ മനഃസമാധാനത്തോടെ വീട്ടിൽ അന്തിയുറങ്ങിയിട്ട്. പകലും സന്ധ്യനേരങ്ങളിലും എണ്ണപ്പന കുത്തിമറിച്ച് തിന്നുകയും രാത്രിയിൽ സമീപ പ്രദേശത്തെ വീട്ടുപറമ്പിലേക്ക് കയറുകയുമാണ്. കാടിറങ്ങുന്ന ആനക്കൂട്ടം കണ്ണിൽപെടുന്ന കാർഷിക വിളകളെല്ലാം ചവിട്ടി നശിപ്പിക്കും. പടക്കം പൊട്ടിച്ചും ബഹളം വച്ചും തുരത്തിയാലും പിറ്റേ ദിവസം തൊട്ടടുത്ത വീട്ടുപറമ്പിൽ ഇവയെത്തും. പനംപട്ടകൾ തിന്നുന്നതിനൊപ്പം ആവശ്യത്തിന് കുടിക്കാൻ പുഴയിൽ നിന്നും വെള്ളം കിട്ടുന്നതും അനുകൂല ഘടകമാണ്.
ചാലക്കുടിപ്പുഴയുടെ വലതു കരയോരത്ത് തുമ്പൂർമുഴി മുതൽ കണ്ണൻകുഴി വരെ പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടമാണ്. ഇടതുകരയിൽ പതിനേഴാം ബ്ലോക്ക് മുതൽ അതിരപ്പിള്ളി വരെയും കാൽനൂറ്റാണ്ട് മുമ്പ് നട്ടുപിടിപ്പിച്ച എണ്ണപ്പനത്തോട്ടം പരന്നു കിടക്കുന്നു. ഇത് എറണാകുളം ജില്ലയിലാണ്. പുഴയുടെ മറുകരയിൽ ഇഞ്ചയ്ക്കക്കുണ്ട് മലയിൽ നിന്നുമാണ് ആദ്യകാലത്ത് ആനകളെത്തിയിരുന്നത്. പ്ലാന്റേഷൻ മേഖലയിൽ മാത്രമായിരുന്നു അന്ന് ആനകളുടെ വിളയാട്ടം. പുഴയിലെ വെള്ളം കുടിച്ച ശേഷം മറുകരയിലെത്തിയ ആനകളെ ആകർഷിച്ചതാകട്ടെ വിശാലമായ കാർഷിക വിളകളുടെ തോട്ടങ്ങളാണ്. ഇതോടെ വലതുകരയിലെ ജനവാസ മേഖലയും ഇവയുടെ പ്രധാന വിളയാട്ടമേഖലയായി.
പ്ലാന്റേഷൻ പ്രദേശങ്ങളിൽ കൈതച്ചക്ക കൃഷിക്കും തേക്കിന്റെ റീ പ്ലാന്റേഷനുമായി ഫെൻസിംഗും കാവൽക്കാരും മറ്റുമായതോടെ ആനകളുടെ സ്വൈരവിഹാരത്തിന് വിഘാതം വന്നു. പത്ത് വർഷം മുമ്പ് വെട്ടിക്കുഴി കോട്ടാമലയിലെത്തിയ ഒരു കൂട്ടം ആനകൾ ഇതോടെ പിന്നീട് തിരിച്ചുപോയില്ല. പ്രദേശത്ത് ആനകൾ പെറ്റുപെരുകി. പക്ഷേ വനം വകുപ്പ് ഈ വാദം അംഗീകരിക്കുന്നില്ല. എന്തൊക്കെയായാലും മൂന്ന് പതിറ്റാണ്ടിനിടെ മേഖലയിലെ കാട്ടാനശല്യം കൂടിയതല്ലാതെ കുറവില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കാട്ടാനകളുടെ ആക്രമണത്തിൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. അധികൃതർ അടിയന്തര പരിഹാരം കാണണം.
-ഞെരളക്കാട്ട് ജോസഫ്
(ചിക്ലായി സ്വദേശി)