p

തൃശൂർ: കേന്ദ്രസർക്കാരിന്റെ വെടിക്കെട്ട് നിബന്ധന പ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താനാകില്ലെന്ന് മന്ത്രി കെ.രാജൻ. വെടിക്കെട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് ഇത് തയ്യാറാക്കിയത്. നിബന്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും കത്ത് നൽകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. കേരളത്തിന്റെ പൊതുവികാരമായി കേന്ദ്രസർക്കാരിനെ അറിയിക്കാൻ ശ്രമിക്കും.

കേന്ദ്ര സർക്കാർ അസാധാരണ ഗസറ്റിൽ പുറപ്പെടുപ്പിച്ച 35 നിബന്ധനകളിൽ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാനാകില്ല. മാഗസിനും ഫയർലൈനും തമ്മിലുള്ള ദൂരം 200 മീറ്ററാക്കണമെന്ന് വന്നാൽ സ്വരാജ് റൗണ്ടിൽ പോലും വെടിക്കെട്ട് നടത്താനാകില്ല. ഫയർലൈനും ജനങ്ങളും തമ്മിലുള്ള ദൂരം പരമാവധി എഴുപതാക്കണമെന്ന ആവശ്യം നിലനിൽക്കേ നൂറ് മീറ്ററാക്കുന്നത് വെടിക്കെട്ടിന്റെ മനോഹാരിത നഷ്ടമാകും.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ യോഗത്തിനെതിരെയും മന്ത്രി രാജൻ രംഗത്തുവന്നു. ഇപ്പോൾ അതിനെ രാഷ്ട്രീയമായി വിമർശിക്കുന്നില്ല. പൂരം തകർക്കുന്നത് ആരാണെന്ന് മാദ്ധ്യമങ്ങൾ വസ്തുതകൾ മനസിലാക്കി ജനങ്ങളോട് പറയണമെന്നും മന്ത്രി വ്യക്തമാക്കി.