ചേർപ്പ് : വഴിയോരങ്ങളിൽ പൊന്തക്കാടുകൾ നിറഞ്ഞുനിൽക്കുന്നത് മൂലം റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരമാകുന്നു. ചേർപ്പ് പഞ്ചായത്തിലെ വിവിധ റോഡുകളുടെ അരികിലാണ് പൊന്തക്കാട് വളർന്ന് റോഡിലേക്ക് തള്ളി നിൽക്കുന്നത്. ഇത്തരം പൊന്തക്കാടുകളിൽ മാലിന്യം തള്ളുന്നതും വ്യാപകമാണ്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ടാകുന്നു. ഇടവിട്ടുള്ള മഴയിൽ മിക്ക റോഡുകളും തകർന്നിട്ടുണ്ട്. കാഴ്ച മറയ്ക്കുന്ന വിധത്തിലും പല റോഡുകളിലും പൊന്തക്കാടുകൾ നിൽക്കുന്നു. ഇതുമൂലം റോഡിന്റെ വിസ്താരവും കുറയുന്നു. പൊന്തക്കാടുകൾ നിറഞ്ഞതോടെ നടപ്പാതകളും അഴുക്കുചാലുകളും പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. റോഡരികിലെ പൊന്തക്കാടുകൾ വെട്ടിമാറ്റാനായി ഫണ്ടനുവദിക്കാനാകില്ലെന്നാണ് പഞ്ചായത്ത് പറയുന്നു. പൊന്തക്കാടുകൾ വെട്ടിമാറ്റി റോഡുകളിലുടെ സുഖകരമായ യാത്ര ഒരുക്കണമെന്നാണ് ഉയരുന്ന ആവശ്യം.