വടക്കാഞ്ചേരി: എക്‌സ്‌പ്ലോസീവ് നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ നിയമഭേദഗതിയെ തുടർന്ന് മദ്ധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളിലൊന്നായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടും പ്രതിസന്ധിയിൽ. പുതിയ നിയമമനുസരിച്ച് പെസോയുടെ പരീക്ഷ പാസാകുന്നവർക്ക് മാത്രമാണ് വെടിക്കെട്ട് ലൈസൻസി ലഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയാണ് എഴുതാനുള്ള യോഗ്യത. നിലവിൽ ലൈസൻസികളെ കണ്ടെത്താൻ പൂരം നടത്തിപ്പ് ദേശങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അപകടങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ലൈസൻസിക്കാണെന്ന നിയമമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. ഉത്രാളി പൂരം വെടിക്കെട്ട് നടത്താൻ വടക്കാഞ്ചേരി,കുമരനെല്ലൂർ, എങ്കക്കാട് വിഭാഗങ്ങൾക്ക് സംയുക്ത മാഗസിൻ (വെടിക്കെട്ട് സാമഗ്രി നിർമ്മാണപുര) നിലവിലുണ്ട്. അതുകൊണ്ടുതന്നെ നിർമ്മാണ പുരയിൽനിന്ന് 200 മീറ്റർ അകലെ വെടിക്കെട്ട് നടത്തണമെന്ന നിയമം വെടിക്കെട്ടിന് തടസമില്ല. നിലവിലെ നിയമവ്യവസ്ഥകളുടെ കുരുക്കഴിക്കാൻ തട്ടകദേശങ്ങൾ പാടുപെടുമ്പോഴാണ് പുതിയ നിയമഭേദഗതികൾ നടപ്പിലാക്കുന്നത്.
ഇത്രയും പ്രതിസന്ധികൾ മറികടന്ന് എന്തിന് വെടിക്കെട്ട് നടത്തണമെന്ന ചിന്തയും ദേശം ഭാരവാഹികളിൽ ശക്തമാണ്.
2016 ഏപ്രിൽ 10 ന് നടന്ന പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് 2018 ൽ കൊണ്ടുവന്ന നിയമ ഭേദഗതിയുടെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. നിയമക്കുരുക്ക് മറികടക്കാൻ കേരളത്തിന് മാത്രമായി എക്‌സ്‌പ്ലോസീവ് നിയമം നടപ്പിലാക്കണം.
എ.കെ.സതീഷ് കുമാർ
ഉത്രാളിക്കാവ് പൂരം മുൻ ചീഫ് കോഡിനേറ്റർ