 
മാപ്രാണം : കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ മൂലം അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പതിനഞ്ചോളം അപകടങ്ങളാണ് ഉണ്ടായത്. ഇത്തരത്തിൽ ഇരുപതോളം ആളുകൾക്കാണ് പരിക്കേറ്റത്. പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുമാണ്. കഴിഞ്ഞ ദിവസവും കുരിശു കപ്പേള ജംഗ്ഷനിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് രണ്ട് സ്‌കൂട്ടറിലും കപ്പേളയിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വന്ന റാംജി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുന്നിൽ പോയിരുന്ന ദമ്പതികളുടെ സ്‌കൂട്ടറിൽ ഇടിച്ച് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറിലും കപ്പേളയിലും ഇടിച്ചുനിൽക്കുകയായിരുന്നു. തുരുത്തിപ്പറമ്പ് സ്വദേശികളായ നായത്തോടൻ വീട്ടിൽ വർഗീസ് (65), ഭാര്യ മേരി (63) എന്നിവർക്കാണ് പരിക്കേറ്റത്. മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റി. മേരിയുടെ രണ്ട് വാരിയെല്ലുകൾ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയിലും മാപ്രാണം സെന്ററിനു സമീപം മറ്റൊരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ച് അപകടമുണ്ടായിരുന്നു. ആനന്ദപുരം സ്വദേശി കൽമുക്കിൽ വീട്ടിൽ നിധീഷ് (43) നാണ് പരിക്കേറ്റത്. നിധീഷിന്റെ മുഖത്തും കൈയിലും കാലിലും മുറിവുകളുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന ആവശ്യം നിരന്തരം ജനങ്ങളിൽ നിന്നും ഉയരുമ്പോഴും മോട്ടോർ വാഹന വകുപ്പും പൊലീസും അനങ്ങാപ്പാറ നയം പിന്തുടരുകയാണ്. ജനജീവിതത്തിന് പുല്ലുവില കൽപ്പിക്കാതെ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പുകളുടെ നടപടി തിരുത്താത്തപക്ഷം ബസുകൾ തടഞ്ഞിടുന്നതുൾപ്പടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ.
ചീറിപ്പായൽ മറ്റുള്ളവരെ ഭയപ്പെടുത്തിക്കൊണ്ട്
അമിത വേഗത്തിൽ ചീറിപ്പായുന്ന സ്വകാര്യ ബസുകൾ മറ്റ് വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തെ വെല്ലുവിളിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ലൈറ്റ് തെളിയിച്ചും നിരന്തരം ഹോൺ മുഴക്കിയും മറ്റ് വാഹനങ്ങളെയും കാൽനടയാത്രക്കാരെ ഭയപ്പെടുത്തിയാണ് സ്വകാര്യ ബസുകൾ ചീറിപ്പായുന്നത്. ഇത്തരത്തിൽ സ്വകാര്യ ലിമിറ്റഡ് ബസുകൾ ചീറിപ്പായുമ്പോൾ മോട്ടോർ വാഹന വകുപ്പോ പൊലീസും ഇവരുടെ തോന്നിവാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. മരണഭയം മുന്നിൽകണ്ട് വഴിമാറിക്കൊടുക്കുകയാണ് മറ്റ് വാഹനങ്ങൾ.