വടക്കാഞ്ചേരി: നഗരസഭാ ഓഫീസിലെ രേഖകൾ കടത്തിയെന്ന ആരോപണത്തിൽ കുടുങ്ങി നഗരസഭാ കൗൺസിൽ യോഗം. കോൺഗ്രസ് പാർലമെന്ററി പാർട്ടിനേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.അജിത് കുമാർ നഗരസഭ ഓഫീസിൽ അതിക്രമിച്ചുകയറി ചെയർമാന്റെയും സെക്രട്ടറിയുടെയും അനുമതിയില്ലാതെ ഫയലുകൾ കടത്തിയെന്ന് ആരോപിച്ച് നിയമനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വ്യാജ പരാതി അടിയന്തര പ്രമേയമായി കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി നഗരസഭാ യോഗം ബഹിഷ്‌കരിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷ സ്വപ്ന ശശി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിൽ അംഗീകരിച്ചു. അത്താണി കൗൺസിലർ സേവ്യർ മണ്ടുംപാല പിന്തുണച്ചു. 2015 ൽ രൂപീകൃതമായ നഗരസഭ സമാനതകളില്ലാത്ത വികസന കുതിപ്പാണ് നടത്തുന്നതെന്ന് പ്രമേയം പറയുന്നു. പ്രതിപക്ഷം ഇടതു ഭരണസമിതിക്കെതിരെ ദുരാരോപണങ്ങൾ നടത്തുകയാണെന്നും ആരോപിച്ചു. ചെയർമാൻ പി. എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഒ.ആർ.ഷീലാമോഹൻ ,എ.എം ജമീലാബി,സി.വി. മുഹമ്മദ് ബഷീർ, സെക്രട്ടറി കെ.കെ. മനോജ്, എൻജിനീയർ സുജിത്ത് ഗോപിനാഥ് സംസാരിച്ചു


നഗരസഭയിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണ്. ഇത് ചോദ്യം ചെയ്തതിന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.അജിത് കുമാറിനെ ഭരണപക്ഷം വേട്ടയാടുകയാണ്. പ്രളയകാലത്തെ മണ്ണ് വിൽപ്പനയും ചെലവുകളും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. കോടികൾ ബാധ്യത വരുത്തിയ താത്കാലിക ജീവനക്കാരുടെ പുനർനിയമനം അനുവദിക്കാനാകില്ല.
പ്രതിപക്ഷം