 
തൃശൂർ: സ്വരാജ് റൗണ്ടിൽ സൗന്ദര്യവത്കരണത്തിനായി സ്ഥാപിച്ച സാമഗ്രികൾ നശിപ്പിച്ചവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്ന നിയമപ്രകാരം കേസെടുക്കുമെന്ന് മേയർ എം.കെ. വർഗീസ്. സീറോ വേസ്റ്റ് കോർപറേഷന്റെ ഭാഗമായും ശുചിത്വമിഷന്റെ സുന്ദരനഗരത്തിന്റെ ഭാഗമായും നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വരാജ് റൗണ്ട് പൂർണമായും എം.ഒ റോഡും ആകാശപ്പാതയുടെ സമീപവും പൂച്ചെടികൾ നട്ട് സൗന്ദര്യവത്കരണം നടത്തി. പൊതുജനങ്ങൾക്കായി നയന മനോഹാരിത ഉറപ്പുവരുത്തി അവബോധമുണ്ടാക്കുന്നതിന് തൃശൂർ കോർപറേഷൻ സ്ഥാപിച്ച ചെടിച്ചട്ടികളും അനുബന്ധ സാമഗ്രികളും നശിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്ന നിയമപ്രകാരം കേസെടുത്ത് സാമ്പത്തികനഷ്ടം ഈടാക്കും. സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയുള്ള തെളിവ് സഹിതം മേയറുടെ ഓഫീസിൽ ഹാജരാക്കുന്നവരെ കൗൺസിൽ ആദരിക്കും.