kaya
1

കൊടുങ്ങല്ലൂർ : വ്യാപാരികൾ അയിത്തം കൽപ്പിച്ചതോടെ കോട്ടപ്പുറം മാർക്കറ്റിലെ വിപണിയിലെത്താതെ നാടൻ നേന്ത്രക്കായ. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ഗുണനിലവാരം കുറഞ്ഞ നേന്ത്രക്കായ വലിയ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഗുണനിലവാരവും വിലക്കൂടുതലുമുള്ള നാടൻ നേന്ത്രക്കായയോട് കച്ചവടക്കാർക്ക് താത്പര്യമില്ല. തമിഴ്‌നാട് കായയുടെ വില തന്നെ നാടൻ നേന്ത്രക്കായയ്ക്കും കച്ചവടക്കാർ നൽകുന്നതെന്നതിനാൽ മാർക്കറ്റിൽ എത്തിച്ചാൽ നഷ്ടം സഹിച്ച് തുച്ഛ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുന്നതിനാൽ അതാത് പ്രദേശത്ത് കുറഞ്ഞ വിലയ്ക്ക് കുലകൾ വിറ്റഴിക്കുകയാണ് ഇപ്പോൾ കർഷകർ.
ഇതിനിടെ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന കായയ്ക്ക് വില വർദ്ധിച്ചുതുടങ്ങി. ഓണക്കാലത്തിനു ശേഷം കിലോഗ്രാം 20 രൂപ വരെയായിരുന്നു വരവ് നേന്ത്രക്കായയുടെ വില. എന്നാൽ ഇപ്പോൾ 47 രൂപ വരെയെത്തി.

ഓണക്കാലത്തും പ്രതിസന്ധി
ഓണക്കാലത്തും നാടൻ നേന്ത്രക്കായയ്ക്ക് കാര്യമായ വില കിട്ടാതിരുന്നത് കർഷകർക്ക് കനത്ത തിരിച്ചടിയായി. ഓണം സീസണിലും കിലോയ്ക്ക് 40 രൂപ കർഷകന് ലഭിച്ചത്. ഓണത്തിന് രണ്ടാഴ്ച മുമ്പുവരെ 70 ഉം 80 ഉം രൂപവരെ വില ലഭിച്ച സന്ദർഭത്തിലാണ് തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നും നേന്ത്രക്കായയുടെ അമിതമായ വരവുണ്ടായതോടെ നാടൻ നേന്ത്രക്കായയുടെ വില തകർന്നത്. സഹകരണ സ്ഥാപനങ്ങൾ നടത്തിയ കാർഷിക വിപണികളായിരുന്നു അൽപ്പം ആശ്വാസം പകർന്നത്.

നേന്ത്രവാഴക്കൃഷിക്ക് ചെലവേറെ
നേന്ത്രവാഴക്കൃഷി ചെയ്യാൻ ചെലവ് ഏറെയാണെന്ന് കർഷകർ പറയുന്നു. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്യുന്നവരാണ് കൂടുതലും. നടുന്നത് മുതൽ വിളവെടുക്കുന്നതുവരെ ഒരു നേന്ത്രവാഴയ്ക്ക് പരിചരണവും സംരക്ഷണവും നടത്താൻ 250 രൂപ ചെലവ് വേണ്ടിവരും. കാലവർഷക്കെടുതിയും കടുത്ത വേനലും പലപ്പോഴും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. എല്ലാം അതിജീവിച്ച് കൃഷി വിളവെടുത്താൽ മതിയായ വില കിട്ടാതെ വരുന്നത് കർഷകർ നേന്ത്രക്കായ കൃഷി ഉപേക്ഷിക്കാനും കാരണമാകുന്നുണ്ട്.