1

തൃശൂർ: ചരിത്രത്തിലേക്ക് ഓടിക്കയറി അഭിമന്യുവും എയ്ഞ്ചൽ മരിയയും. സ്‌കൂൾ കായികമേളയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ ഏർപ്പെടുത്തിയതോടെ നടന്ന മത്സരത്തിൽ നൂറു മീറ്ററിൽ അണ്ടർ 14 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സ്വർണം നേടിയാണ് കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവും കോടകര ഗവ. ഹയർ സെക്കഡറി സ്‌കൂളിലെ എയ്ഞ്ചൽ മരിയയുമാണ് ചരിത്രത്തിന്റെ ഭാഗമായത്.

കാഴ്ചപരിമിതരായ അഭിമന്യുവും എയ്ഞ്ചൽ മരിയയും ഗൈഡറുടെ സഹായത്തോടെയാണ് ഓടിയത്. അഭിമന്യുവിന് കെ.എസ്. സഞ്ചുവും എയ്ഞ്ചലിന് ലാവണ്യ ഗംഗയും ഗൈഡർമാരായി. അതത് സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഗൈഡർമാരും. ചാലിശേരി വീട്ടിൽ ഷാജിയുടെ മകനാണ് അഭിമന്യു. കൊടകര ഇമ്മാനുവൽ വീട്ടിൽ ഷിജുവിന്റെ മകളാണ് എയ്ഞ്ചൽ മരിയ.
ജില്ലാ കായികമേളയിൽ നൂറുമീറ്ററിൽ മാത്രമാണ് മത്സരമുണ്ടായിരുന്നത്. നാലു പേരാണ് മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാന കായിക മേളയിൽ 112 പേരാണ് ഭിന്നശേഷി വിഭാഗത്തിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്നത്. അഭിമന്യു ചൊവ്വന്നൂർ ബി.ആർ.സിയുടെയും എയ്ഞ്ചൽ മരിയ കൊടകര ബി.ആർ.സിയുടെയും നേതൃത്വത്തിലാണ് പരിശീലനം നടത്തി. സമഗ്രശിക്ഷാ കേരള ജില്ലാ പ്രോംഗ്രാം ഓഫീസർ ബ്രിജിയാണ് കോ- ഓർഡിനേറ്റർ.