എടമുട്ടം : ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ, ബസ് തൊഴിലാളികൾ സൂചനാ പണിമുടക്കും വലപ്പാട് പഞ്ചായത്തിലേക്ക് മാർച്ചും നടത്തി. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ എടമുട്ടം, കഴിമ്പ്രം, തവളക്കുളം, കാപ്പിരിക്കാവ്, പുളിഞ്ചോട്, പയച്ചോട്, എസ്.എൻ സെന്റർ തുടങ്ങിയ സ്റ്റാൻഡുകളിലെ ഓട്ടോ തൊഴിലാളികളും ഈ റൂട്ടിലൂടെ ഓടുന്ന ബസ് തൊഴിലാളികളും ഗുഡ്‌സ് ഓട്ടോത്തൊഴിലാളികളും ഓട്ടോ ടാക്‌സി തൊഴിലാളികളും എടമുട്ടം ബീച്ച് റോഡിലേക്കുള്ള സർവീസ് നിറുത്തിവച്ചുകൊണ്ട് പണിമുടക്ക് നടത്തുകയായിരുന്നു. കഴിമ്പ്രം ബീച്ചിൽ നിന്നും ഓട്ടോ തൊഴിലാളികൾ സംയുക്തമായി വലപ്പാട് പഞ്ചായത്തിലേക്ക് വാഹനങ്ങളിലായി മാർച്ച് നടത്തി. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് വിജയകുമാർ കാഞ്ഞിരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മധു കുന്നത്ത് അദ്ധ്യക്ഷനായി. ബാബു ഏറാട്ട്, പ്രകാശൻ നെടിയിരിപ്പിൽ, ബാബുരാജ് നെടിയിരിപ്പിൽ, ഷാജി കാരയിൽ എന്നിവർ സംസാരിച്ചു.