asa

തൃശൂർ: വർഷങ്ങളായുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആശാവർക്കർമാർ സമരത്തിനൊരുങ്ങുന്നു. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ആശാ വർക്കർമാർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. 'ശൈലി' വാർഷിക ആരോഗ്യ കണക്കെടുപ്പ് സംബന്ധിച്ച് ആശാ വർക്കർമാർക്ക് 2000 രൂപ നൽകുമെന്ന് പറഞ്ഞെങ്കിലും 2024 ഒക്ടോബർ 11ന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്ടർ ഇറക്കിയ സർക്കുലറിൽ ഒരു മാറ്റവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണറേറിയം വർദ്ധിപ്പിക്കാതെ ജോലിഭാരം കൂട്ടുകയാണ്. മിനിമം 21,000 രൂപ ശമ്പളം നൽകുക, പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, പി. എഫ്, ഗ്രാറ്റുവിറ്റി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ലാ സെക്രട്ടറി വിദ്യ രമേഷ് അദ്ധ്യക്ഷയായി. ജില്ലാ ട്രഷറർ വിജിനി ഗോപി, ചാലക്കുടി നഗരസഭാ കൗൺസിലർ വത്സൻ ചമ്പക്കര, കല്ലൂർ ബാബു, ജയശ്രീ കൊച്ചു ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.