choondal

തൃശൂർ : കാട്ടിൽ നിന്ന് വെട്ടിയെടുത്ത മുള പോളാക്കി, ചാടി വീഴുന്ന ബെഡിന് പകരം പാറമണൽ വിരിച്ച് പരിശീലനം. മേളയ്‌ക്കെത്തിയത് കോച്ച് നൽകിയ പോളുമായി. പോൾവാൾട്ടിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസിലെ താരങ്ങൾ സ്‌കൂൾ കായിക മേളയ്ക്കെത്തിയത് ദുരിതാവസ്ഥയിൽ. സീനിയർ വിഭാഗത്തിൽ ആവണി സുജിത്ത് സ്വർണം നേടിയപ്പോൾ ഇതേ സ്‌കൂളിലെ അൻഷിത അബ്ദുൾ റസാക്കിനാണ് രണ്ടാം സ്ഥാനം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

പരിമിതമായ സൗകര്യം ഉപയോഗിച്ച് പരിശീലനം നേടിയാണ് ഇരുവരുമെത്തിയത്. സ്‌കൂളിലെ കായിക അദ്ധ്യാപികയായ സിന്ധുവിന് പുറമേ കോച്ചായ കെ.ഒ.വിത്സന്റെയും കീഴിലായിരുന്നു പരിശീലനം. മുതുവന്നൂരിൽ തേപ്പുപണിക്കാരനായ സുജിത്തിന്റെയും സരിതയുടെയും മകളാണ്. ദുബായ് എയർപോർട്ടിൽ ജീവനക്കാരനായ തുവന്നൂരിൽ അബ്ദുൾ റസാക്കിന്റെയും സെബിലയുടെയും മകളാണ് അൻഷിത. ജൂനിയർ വിഭാഗത്തിലും വെള്ളി നേടാൻ സ്‌കൂളിനായി. ഇഷാൽ സമറാണ് വെള്ളി നേടിയത്. ചിറനെല്ലൂർ സ്വദേശി മുഹമ്മദ് റാഫിയുടെയും ശബ്‌നയുടെയും മകളാണ്. ഈ വിഭാഗത്തിൽ വെസ്റ്റ് ഉപജില്ലയിലെ വിവേകോദയം സ്‌കൂളിലെ ടി.ഡി.മാളവികയ്ക്കാണ് സ്വർണം. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവിക മണ്ണുത്തി വളയത്ത് ദേവദാസിന്റെയും ബിന്ദുവിന്റെയും മകളാണ്.

പങ്കെടുത്തത് ഒമ്പത് പേർ

സ്‌കൂൾ കായിക മേളയിലെ പ്രധാന ഇനങ്ങളിൽ ഒന്നായ പോൾവാൾട്ടിൽ 12 ഉപജില്ലകളിൽ നിന്നായി ജൂനിയർ, സിനീയർ വിഭാഗങ്ങളിൽ ആകെ പങ്കെടുത്തത് ഒമ്പത് പേർ മാത്രം. ജൂനിയർ വിഭാഗത്തിൽ നാലും സിനീയർ വിഭാഗത്തിൽ അഞ്ചും മത്സരാർത്ഥികളാണ് പങ്കെടുത്തത്. ഇരുവിഭാഗത്തിലും വെങ്കല മെഡൽ ആർക്കും നേടാനായില്ല. സീനിയർ വിഭാഗത്തിൽ ചൂണ്ടൽ എൽ.ഐ.ജി.എസ്.എസിലെ കുട്ടികൾക്കാണ് സ്വർണവും വെള്ളിയും. ജൂനിയർ വിഭാഗത്തിലും ഇവർക്ക് വെള്ളി ലഭിച്ചു.