1

തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം പിന്നിടുമ്പോൾ ഈസ്റ്റ് ഉപജില്ലയുടെ കുതിപ്പ്. ഇന്നലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടെ 24 ഇനങ്ങൾ പൂർത്തിയായപ്പോൾ ആറു സ്വർണവും നാലു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 44 പോയിന്റ് നേടിയാണ് ഈസ്റ്റ് ഉപജില്ലയുടെ മുന്നേറ്റം.

മൂന്നു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലുവമായി 29 പോയിന്റുള്ള ആതിഥേയരായ കുന്നംകുളമാണ് രണ്ടാം സ്ഥാനത്ത്. മൂന്നു സ്വർണവും നാലു വെള്ളിയും രണ്ട് വെങ്കലവുമായി 27 പോയിന്റ് നേടിയ വടക്കാഞ്ചേരിക്കാണ് മൂന്നാം സ്ഥാനം. മാള (25), തൃശൂർ വെസ്റ്റ് (15), വലപ്പാട് (14), ചാവക്കാട് (11), ചാലക്കുടി (10), കൊടുങ്ങല്ലൂർ (8),ചേർപ്പ് (5), മുല്ലശേരി (2) എന്നിങ്ങനെയാണ് പോയിന്റ് പട്ടികയിലെ മറ്റ് സ്ഥാനങ്ങൾ.

സ്‌കൂളുകളിൽ കാൽഡിയൻ

സ്‌കൂൾ കായികമേളയിൽ സ്‌കൂൾ വിഭാഗത്തിൽ നാലു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 30 പോയിന്റ് നേടി തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ ഹയർ സെക്കഡറി സ്‌കൂളാണ് മുന്നിൽ. രണ്ട് സ്വർണം, രണ്ട് വെള്ളി അടക്കം 18 പോയിന്റ് നേടിയ കുന്നംകുളം ഉപജില്ലയിലെ എൽ.ഐ.ജി.എച്ച്.എസാണ് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലും ഉൾപ്പെടെ 14 പോയിന്റ് നേടി മാള ഉപജില്ലയിലെ ആർ.എം ഹയർ സെക്കഡറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. എട്ടു പോയന്റുമായി വലപ്പാട് ഉപജില്ലയിലെ ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസും ആറ് പോയന്റുമായി മാള സെന്റ് ആന്റണീസ് എച്ച്.എസ്.എസുമാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.