 
കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിലും കരാർ കമ്പനി ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ ഇന്ന് കടകളടച്ച് പ്രതിഷേധ പ്രകടനവും ധർണയും നടത്തും. രാവിലെ 11 മണിവരെയാണ് കടകൾ അടച്ചിടുക. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും കരാർക്കമ്പനിയുടെ അശാസ്ത്രീയമായ നിർമ്മാണ രീതിയെപ്പറ്റിയും വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. എലിവേറ്റഡ് ഹൈവേ കർമ്മസമിതി 25ന് നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സി.പി.എം, കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതിയുൾപ്പടെയുള്ള സംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ബൈപാസിലെ സർവീസ് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, നഗരത്തിലൂടെ ഹെവി വാഹനങ്ങളുടെ ഗതാഗതം തടയുക, സൈൻ ബോർഡുകൾ സ്ഥാപിക്കുക, ഡിവൈ.എസ്.പി ഓഫീസ് സിഗ്‌നൽ റോഡിലേക്ക് കടക്കാൻ അണ്ടർപാസേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടയടപ്പ് സമരം.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒഴിവാക്കാനാകാവുന്ന പ്രയാസങ്ങൾ കരാർ കമ്പനിയുടെ അലംഭാവം മൂലം വ്യാപാരികളും ജനങ്ങളും അനുഭവിക്കുകയാണെന്ന് കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കൾ കുറ്റപ്പെടുത്തി. ബൈപാസിലെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. വലിയ ഭാര വാഹനങ്ങൾ കടന്നുപോകുന്നതിനാൽ നഗരത്തിൽ സ്ഥിരമായി ഗതാഗത സ്തംഭനവും രൂക്ഷമായ പൊടി ശല്യവുമാണ്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ കടന്നുവരാത്ത സാഹചര്യമുണ്ടായിരിക്കുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, അജിത്ത് കുമാർ, മൊഹിയുദ്ദീൻ, എം.എസ്. സാജു, രാജീവൻ പിള്ള, പി.ആർ. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ഹർത്താലിന് പിന്തുണയുമായി സി.പി.എമ്മും കോൺഗ്രസും
കൊടുങ്ങല്ലൂർ : ബൈപാസിലെ സി.ഐ. ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി 25ന് നടത്തുന്ന ഹർത്താലിന് പിന്തുണയുമായി സി.പി.എമ്മും കോൺഗ്രസും. ബൈപാസ് നിർമ്മാണത്തിന്റെ പേരിൽ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ സി.ഐ ഓഫീസ് ജംഗ്ഷൻ അടയ്ക്കരുത്. വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും തയ്യാറാകണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു. ജനകീയ ആവശ്യങ്ങൾ വികസനത്തിന്റെ പേര് പറഞ്ഞ് നിഷേധിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഹർത്താലിലൂടെ രേഖപ്പെടുത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അറിയിച്ചു.
ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനി പ്രാദേശിക ഭരണകൂടവുമായി യാതൊരു കൂടിയാലോചനകളില്ലാതെയാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതുമൂലം വാഹനാപകടങ്ങളും ഏറുകയാണ്. അഞ്ച് മാസത്തിനിടെ അഞ്ച് പേരാണ് ദേശീയപാതയിലുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത്. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് ഇപ്പോഴും തുടരുന്നു.