വടക്കാഞ്ചേരി: നഗരസഭയുടെ കുമ്പളങ്ങാട് മാലിന്യയാർഡ് കീഴടക്കി തെരുവു നായ്ക്കൾ. പാർളിക്കാട് വ്യാസ കോളേജ് പരിസരം മുതൽ കുമ്പളങ്ങാട് സെന്റർ വരെയുള്ള ഒന്നരകലോമീറ്ററോളം ചുറ്റളവിൽ നൂറോളം നായ്ക്കളാണ് വിഹരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവ കൂട്ടമായി യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. ഇരുചക്രവാഹന യാത്രക്കാരെയാണ് കൂടുതൽ അക്രമിക്കുന്നത്. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ സംഭവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ആളൊഴിഞ്ഞ പ്രദേശത്ത് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും നായ്ക്കളുടെ വിഹാരത്തിന് വഴിവയ്ക്കുന്നു. മാലിന്യ യാർഡിലെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം നാടിനെയും മലിനമാക്കുന്നെന്ന പരാതിയുമായി നേരത്തെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് മേഖലയിൽ തെരുവു നായ്ക്കൾ പെരുകുന്നത്.
തെരുവു നായ്ക്കളുടെ വിഹാരം മൂലം കുമ്പളങ്ങാട് മേഖലയിലെ ജനദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
ഇ.കൃഷ്ണനുണ്ണി
ബി.ജെ.പി.വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ്
മാലിന്യ യാർഡ് പരിസരത്ത് ക്യാമറകൾ സ്ഥാപിക്കും. പ്ലാന്റിലെ മാലിന്യങ്ങളല്ല തെരുവുനായ്ക്കൾ ഭക്ഷണമാക്കുന്നത്. സാമൂഹ്യവിരുദ്ധർ വലിയതോതിൽ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടി കനത്ത ശിക്ഷ നൽകും. തെരുവുനായ്ക്കളെ ഊട്ടി വളർത്താതിരിക്കാൻ എല്ലാവരും സഹകരിക്കണം
പി. എൻ. സുരേന്ദ്രൻ
നഗരസഭ ചെയർ മാൻ
പടം. മാലിന്യ യാർഡ് പരിസരത്ത് തമ്പടിച്ച നായ്ക്കൂട്ടം. പടം ഇ കൃഷ്ണനുണ്ണി