തൃശൂർ: സ്തനാർബുദത്തെത്തുടർന്ന് സ്തനങ്ങൾ നീക്കം ചെയ്യേണ്ടിവന്ന സ്ത്രീകൾക്കുള്ള പ്രത്യേക തരം ബ്രാകൾ ( മാസ്‌റ്റെക്ടമി ബ്രാ) സൗജന്യമായി നൽകാൻ വ്യാപരി വ്യവസായി ഏകോപന സമിതി. ഒരു വനിതയ്ക്ക് മൂന്ന് സെറ്റ് വീതം ലക്ഷം രൂപയുടെ മാസ്‌റ്റെക്ടമി ബ്രാകളാണ് നൽകുന്നത്. ഇത്തരത്തിലുള്ള ബ്രാകൾക്ക് ആയിരത്തിലധികം രൂപ വിലവരും. വിപണിയിൽ സുലഭവുമല്ല. ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിലുള്ളവരെയാണ് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് സ്തനാർബുദം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയും പട്ടിക്കാട് യൂണിറ്റും സംസ്ഥാനത്ത് ആദ്യമായി പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 17ന് രാവിലെ 10 ന് പട്ടിക്കാട് വ്യപാരഭവനിൽ നടക്കുന്ന പരിപാടി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബ്രാ ആവശ്യമുള്ളവർ രജിസ്‌ട്രേഷൻ സമയത്ത് സൈസ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണം. ഇതുപ്രകാരം പ്രത്യേകം തയ്യാറാക്കിയാണ് വിതരണം. ബ്രാ വാങ്ങാൻ രോഗികൾ വരണമെന്നില്ല. ഡിസ്ചാർജ് സമ്മറിയുമായി എത്തുന്നവർക്ക് കൈപ്പറ്റാം. വ്യാപരി വ്യവസായി ഏകോപന സമിതി നടത്തിയ പതിനഞ്ചോളം ഏർലി കാൻസർ ഡിറ്റക്ഷൻ പരിപാടിയിൽ സ്തനാർബുദമുള്ളവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് മാസ്‌റ്റെക്ടമി ബ്രായുടെ സൗജന്യ വിതരണവും നടത്തുന്നത്. സ്‌പോൺസർമാരിലൂടെയും മറ്റുമാണ് തുക കണ്ടെത്തുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരംഗം ഇതിനകം സ്വന്തം നിലയ്ക്ക് മുന്നൂറോളം ബ്രാകൾ സൗജന്യമായി നൽകി.
മാസ്‌റ്റെക്ടമി ബ്രാ
നീക്കം ചെയ്ത സ്തനത്തിന്റെ സ്വാഭാവിക രൂപം പുനഃസൃഷ്ടിക്കാനാണ് ശസ്ത്രക്രിയക്ക് ശേഷം മാസ്‌റ്റെക്ടമി ബ്രാ ധരിക്കുന്നത്. ഇവയിലെ മൃദുവായ പ്രത്യേകതരം ഫോം ബ്രായ്ക്കുള്ളിൽ തിരുകിവയ്ക്കും. സ്വാഭാവിക സ്തനാകൃതി പ്രതിഫലിപ്പിക്കാൻ ഇത് സഹായിക്കുന്നു.
നിരവധി സേവനപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമാണ് ഈ പരിപാടി. ഭാവിയിൽ സംസ്ഥാനതലത്തിൽ നടത്താൻ ആലോചിക്കുന്നു.
ബിജു എടക്കളത്തൂർ,
ജില്ലാ സെക്രട്ടറി,
വ്യാപാരി വ്യവസായി ഏകോപന സമിതി