ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസുകാരിയെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ 51 കാരന് ആറു വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ. പിഴ സംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിലുണ്ട്. 2023 ജനുവരി 12ന് ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പുതുക്കാട് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ മാള സ്വദേശി ആയിവീട്ടിൽ രാജീവിനെയാണ് (51) കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളേയും 34 രേഖകളും തെളിവുകളായി ഹാജരാക്കിയിരുന്നു. പുതുക്കാട് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.എസ്. സൂരജാണ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പ്രതിയെ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.