kayikam

കുന്നംകുളം: രാവിലെയോ വൈകീട്ടോ നടത്തേണ്ട നടത്ത മത്സരം നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് നടത്തി സംഘാടകർ. തിങ്കളാഴ്ച വൈകിട്ട് നടത്തേണ്ട ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ, 5000 മീറ്റർ നടത്തമത്സരങ്ങളാണ് രണ്ടാം ദിനത്തിൽ ഉച്ചയ്ക്ക് നടത്തി സംഘാടകർ ചടങ്ങ് തീർത്തത്. നടത്ത മത്സരങ്ങളെല്ലാം ഉച്ചയ്ക്ക് 12ന് ശേഷമാണ് ആരംഭിച്ചത്. ഇന്നലെ ആദ്യദിനത്തെ അപേക്ഷിച്ച് കടുത്ത ചൂടായിരുന്നു.

സംഘാടകർ പോലും വളരെ കഷ്ടപ്പെട്ടായിരുന്നു മൈതാനത്ത് നിന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മത്സരം നടത്തുമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് കിട്ടിയ അറിയിപ്പ്. അഞ്ച് കിലോമീറ്റർ നടത്തമത്സരം ഉച്ചയ്ക്ക് 12.30 ടെയാണ് ആരംഭിച്ചത്. സീനിയർ വിഭാഗം അഞ്ച് കിലോമീറ്റർ നടന്നു പൂർത്തിയാകുമ്പോഴേക്കും ഒരു മത്സരാർത്ഥി കുഴഞ്ഞു വീണു. പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി ഫഹദാണ് തളർന്നു വീണത്. സീനിയർ വിദ്യാർത്ഥികളുടെ നടത്ത മത്സരം പൂർത്തിയാക്കിയതിനുശേഷമാണ് കുഴഞ്ഞു വീണത്. ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊരിവെയിലിയിൽ നടത്തിയ മത്സരം ഏറെ പ്രയാസകരമായിരുന്നെന്ന് മത്സരാർത്ഥികൾ പറഞ്ഞു.


പൊരിവെയിലിനെ അതിജീവീച്ച് അമൽ ജോയി

സിനീയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച 5000 മീറ്റർ നടത്ത മത്സരത്തിൽ കടുത്ത ചൂടിനെ മറികടന്ന് ചാലക്കുടി കോട്ടാറ്റ് സെന്റ് ആന്റണീസ് സ്‌കൂളിലെ അമൽ ജോയി ഒന്നാം സ്ഥാനം നേടി. അരിമ്പൂർ എച്ച്.എസ്.എസിനെ എഡ്‌വിൻ ജോൺസനാണ് രണ്ടാം സ്ഥാനം. നോർത്ത് ചാലക്കുടിയിൽ പെയിന്റിംഗ് ജോലിക്കാരനായ ജോയിയുടെയും ജെസിയുടെയും മകനാണ് പത്താം ക്ലാസുകാരനായ അമൽ. സ്‌കൂളിലെ കായികാദ്ധ്യാപകരായ സാബുവിന്റെയും റെജിയുടെയും ശിക്ഷണത്തിലാണ് മേളയ്ക്ക് എത്തിയത്.