1

കുന്നംകുളം: ചേച്ചിയുടെ ശിക്ഷണത്തിൽ അനിയത്തിക്ക് സ്വർണം. സ്‌കൂൾ കായിക മേളയിലെ നിരവധി റെക്കാഡുകൾക്ക് ഉടമയായ ആൻസിയുടെ സഹോദരി അഞ്ജലിയാണ് സിനീയർ വിഭാഗം പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ സ്വർണമണിഞ്ഞത്. കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അഞ്ജലിയുടെ തകർപ്പൻ തിരിച്ചുവരവ് കൂടിയായി സ്വർണനേട്ടം.

സ്‌കൂൾ കായിക മേളയിലെ മിന്നും താരമായിരുന്നു ആൻസി സോജൻ. നാട്ടിക ഫീഷറീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അഞ്ജലി മുൻ വർഷങ്ങളിൽ ചേച്ചിയെ പോലെ സംസ്ഥാന സ്‌കൂൾ കായിക മേളയിലും നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. ആൻസിയെ പോലെ അഞ്ജലിയും ലോംഗ് ജമ്പിലും ട്രിപ്പിൾ ജമ്പിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അസമിൽ നാഷണൽ സ്‌കൂൾ മീറ്റിൽ 5.19 മീറ്ററാണ് മികച്ച ദൂരമെങ്കിലും ഇന്നലെ 4.84 മീറ്ററാണ് ചാടിയത്. ഫൈനൽ റൗണ്ടിലെ ആദ്യ ചാട്ടം ഫൗളായെങ്കിലും അടുത്ത ചാട്ടത്തിൽ 4.81ഉം മൂന്നാമത്തെ ചാട്ടത്തിൽ 4.84 മീറ്ററും ചാടിയാണ് സ്വർണം നേടിയത്. സ്‌പോർട്സ് ക്വാട്ടയിൽ ഇന്ത്യൻ നേവിയിൽ ജോലിയിൽ പ്രവേശിച്ച ആൻസി ഫെബ്രുവരിയിൽ നടക്കുന്ന സാഫ് ഗെയിംസിനുള്ള തയ്യാറെടുപ്പിലാണ്.