 
തൃശൂർ: മത്സരത്തിനിടെ വീണ് കാലിൽ നിന്ന് ചോരയൊഴുകിയിട്ടും പതറാതെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഉയർന്ന് ചാടിയ നിയ നാസ്‌നിന് സ്വർണം. സബ്ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിലാണ് മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിയ ഒന്നാമതെത്തിയത്. ഫൈനലിനിടെ സ്‌പൈക്കിന്റെ നെയിൽ ബെഡിൽ കുടുങ്ങി നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതവും വേദനയും ഉണ്ടായിരുന്നെങ്കിലും എല്ലാം കടിച്ചമർത്തി വീണ്ടും ചാടി സ്വർണം ഉറപ്പിച്ചു. പെട്രോൾ പമ്പ് ജീവനക്കാരനായ പത്താഴക്കാട് ശ്രീനാരായണ പുരം ഊളക്കൽ ഹൗസിൽ ഷംസുദ്ദീന്റെയും ഫൗസിയയുടെയും മകളാണ്. ദിയ ഫർസാനയാണ് സഹോദരി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പന്നിത്തടം കോൺകോഡ് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.എസ്. മുസ്തഫയ്ക്കാണ് ഒന്നാം സ്ഥാനം.