saumya

തൃശൂർ: ജീവിത സാഹചര്യങ്ങളോട് പടപൊരുതി മേളയ്‌ക്കെത്തിയ വി.പി. സൗമ്യദേവി ട്രിപ്പിൾ സ്വർണവുമായി മിന്നുംതാരം. മാള ഉപജില്ലയിലെ ആളൂർ ശ്രീനാരായണ വിലാസം വൊക്കേഷണൽ ഹയർ സെക്കഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ പെൺകുട്ടികളുടെ ക്രോസ് കൺട്രി, 800, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് സ്വർണം. ഇന്ന് നടക്കുന്ന 3000 മീറ്ററിൽ കൂടി മികവ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കി.

800 മീറ്ററിൽ സ്‌പൈക്കില്ലാതെ നഗ്‌നപാദയായി ഓടിയാണ് സൗമ്യ ഒന്നാമതെത്തിയത്. മാതാപിതാക്കളുടെ കൈയിൽ പണമില്ലെന്ന് അറിയാവുന്നതിനാൽ ആവശ്യം ഉള്ളിലൊതുക്കി. 1500 മീറ്ററിൽ തന്റെ പഴയ ഷൂ ധരിച്ചാണ് ഓടിയത്. മികച്ച ഫുട്ബാൾ താരം കൂടിയായ സൗമ്യ ദേവി ജില്ലാ സീനീയർ ഫുട്ബാൾ ടീം അംഗമാണ്. സ്‌കൂളിലെ കായിക അദ്ധ്യാപകൻ കെ.ആർ. സബീഷിന്റെ ചിട്ടയായ പരിശീലനവും സൗമ്യയുടെ നേട്ടത്തിന് സാഹചര്യം ഒരുക്കി. കഴിഞ്ഞ തവണ 1500 മീറ്ററിൽ സംസ്ഥാന കായിക മേളയിൽ മത്സരിച്ചിരുന്നു.

ഇരട്ട സഹോദരി സ്മിതാദേവിയും 1500 മീറ്റർ സീനിയർ വിഭാഗത്തിൽ മത്സരത്തിനെത്തിയിരുന്നു. സീനിയർ ഫുട്ബാൾ ടീമിൽ അംഗവുമാണ് സ്മിതാദേവി. സിനിമാ തിയറ്റർ ജീവനക്കാരായ പിതാവ് താണിപ്പാറ വടയേരി വീട്ടിൽ പുഷ്പന്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് മക്കളുടെ പഠനത്തിനും കായികച്ചെലവിനുമുള്ള തുക അൽപ്പമെങ്കിലും നീക്കിവയ്ക്കുന്നത്. അമ്മ: രമ.