എരുമപ്പെട്ടി: ഇടക്ക വിദ്വാൻ തിച്ചൂർ മോഹനന്റെ സ്വപ്‌നമായ കലാപഠനകേന്ദ്രം തൗര്യത്രികം സ്മൃതി ദിനത്തിൽ കലാകേരളത്തിന് സമർപ്പിക്കാനൊരുങ്ങി ശിഷ്യഗണങ്ങൾ. 2023 ഡിസംബറിൽ 65-ാം വയസിൽ അർബുദ രോഗത്താൽ കലാകേരളത്തോട് വിടപറയുമ്പോൾ തൗര്യത്രികം എന്ന കലാപഠനകേന്ദ്രം പൂവണിയാത്ത സ്വപ്നമായി മാറി. എന്നാൽ ഗുരുവിന്റെ ആഗ്രഹം സഫലമാക്കാൻ ശിഷ്യനായ ബഹറിനിലെ സോപാനം കലാക്ഷേത്രം നടത്തിപ്പുക്കാരൻ സന്തോഷ് കൈലാസ് രംഗത്തെത്തുകയായിരുന്നു. 20 ലക്ഷം രൂപ ചെലവാണ് പഠന കേന്ദ്രത്തിന് പ്രതീക്ഷിക്കുന്നത്. തിച്ചൂർ മോഹനന്റെ ശിഷ്യരിൽ നിന്നും അദ്ദേഹത്തിനെ സ്‌നേഹിക്കുന്നവരിൽ നിന്നും നിർമ്മാണത്തിനുള്ള തുക സമാഹരിക്കാനാണ് പദ്ധതി. വാദ്യ കലാകാരൻമാരുടെ നാടായ തിച്ചൂരിലെ തൗര്യത്രികം പഠന കേന്ദ്രത്തിന് തന്ത്രി ഈക്കാട്ട് നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു. സിനിമ ഗാനരചയിതാവ് ബി.കെ. ഹരി നാരായണൻ, പരയ്ക്കാട് തങ്കപ്പമാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കലാമണ്ഡലം കുട്ടിനാരായണൻ, മച്ചാട് മണികണ്ഠൻ, തിരുവില്വാമല ഹരി, വിപിൻ കുടിയേടത്ത്, പി. നാരായണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


നാലാം വയസിൽ തുടക്കം

ഗുരുനാഥൻ ഇല്ലാതെ നാലാം വയസിൽ തീച്ചൂർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ കൊട്ടിപഠിച്ചാണ് തിച്ചൂർ മോഹനൻ പ്രശസ്തിയുടെ ചുവടകൾ കയറുന്നത്. തൃശൂർപൂരം, നെമ്മാറ വേല തുടങ്ങി ഒട്ടനവധി പൂരങ്ങളിലും ഇടക്ക വായിച്ചു. മുപ്പത് വർഷക്കാലത്തോളം തിരുവമ്പാടി മഠത്തിൽ വരവിന് ഇടക്ക വായിച്ചു. പ്രഗത്ഭരായ തിരുവില്വാമല ഹരി, ഡോക്ടർ ദുർഗ്ഗാദാസ് നമ്പൂതിരി ,തിരുവില്വാമല ജയൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. 2021 ൽ കേരള സംഗീത നാടക അക്കാഡമി അവാർഡിനും അർഹനായി.