കുന്നംകുളം: തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള പുറമ്പോക്കു ഭൂമിയിലെ താമസക്കാർക്ക് പട്ടയം നൽകാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് ലഭിച്ചതോടെ കുന്നംകുളം മണ്ഡലത്തിലെ ഇരുനൂറോളം കുടുംബങ്ങൾ പ്രതീക്ഷയിൽ.
പുറമ്പോക്കുഭൂമി വർഷങ്ങളായി കൈവശംവച്ച് താമസിക്കുന്നവർക്ക് പട്ടയം കിട്ടണമെങ്കിൽ വലിയ കടമ്പകൾ കടന്ന് സർക്കാരിൽനിന്ന് അനുമതി തേടണമായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കളക്ടർമാർക്ക് അധികാരം നൽകിയതോടെ
പോർക്കുളം, കടവല്ലൂർ, ചൊവ്വന്നൂർ, കടങ്ങോട്, വേലൂർ, എരുമപ്പെട്ടി പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകും.
പോർക്കുളം പഞ്ചായത്തിലെ അകതിയൂർ കല്ലഴിക്കുന്ന് ഭാഗത്തെ 49 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ 2022 ൽ പഞ്ചായത്ത് പ്രമേയം പാസാക്കി വകുപ്പ് മുഖേന സർക്കാരിലേക്ക് അയച്ചു. എ.സി. മൊയ്തീൻ എം.എൽ.എ വിഷയത്തിൽ അടിയന്തിര നടപടികൾക്ക് ഇടപെടലും നടത്തി. എന്നാൽ വർഷങ്ങൾ നീളുന്ന നടപടികൾ ജനങ്ങളെ വലച്ചിരുന്നു.പുതിയ ഉത്തരവ് ഇറങ്ങിയതോടെ സ്വന്തമായ ഭൂമി എന്ന സ്വപ്‌നം ഇവർക്ക് യാഥാർത്ഥ്യമാകുകയാണ്.
തടസം നീങ്ങി
പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള വഴി പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, മേച്ചിൽപുറങ്ങൾ, വണ്ടിത്താവളങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പതിറ്റാണ്ടുകളായി വീടുവച്ചു താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള തടസം നീക്കിയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത്തരം ഭൂമിക്ക് പട്ടയം നൽകാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകികൊണ്ടാണ് പട്ടയവിതരണ നടപടികൾ സുതാര്യവും ഊർജിതവുമാക്കിയത്.
ഉത്തരവായതോടെ മറ്റ് പ്രധാന നടപടികളെല്ലാം പോർക്കുളം പഞ്ചായത്ത് നേരത്തെ പൂർത്തീകരിച്ചു. മേഖലയിലുള്ളവർക്ക് എത്രയും പെട്ടെന്ന് പട്ടയം കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ. രാമകൃഷ്ണൻ
പഞ്ചായത്ത് പ്രസിഡന്റ്