 
കൊടുങ്ങല്ലൂർ : ബൈപാസിലെ സി.ഐ. ഓഫീസ് ജംഗ്ഷൻ അടച്ചുകെട്ടാനുള്ള നീക്കത്തിനെതിരെ നാളെ നടത്തുന്ന ഹർത്താൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതർക്കെതിരായ ജനങ്ങളുടെ ശക്തമായി താക്കീതാകും. എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നടത്തുന്ന ഹർത്താലിന് പിന്തുണയേറുകയാണ്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ഹർത്താലിനോട് മുഴുവനാളുകളും സഹകരിക്കണമെന്ന് വിവിധ കക്ഷി നേതാക്കളായ സി.സി. വിപിൻ ചന്ദ്രൻ, ടി.പി. പ്രഭേഷ്, ഇ.എസ്. സാബു, വേണു വെണ്ണറ, യൂസഫ് പടിയത്ത്, കർമ്മ സമിതി ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ എന്നിവർ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തുനിന്നും ബൈപാസ് ക്രോസ് ചെയ്യാൻ എലിവേറ്റഡ് ഹൈവേയോ ആംബുലൻസ് പോകാൻ പറ്റുന്നവിധം അടിപ്പാതയോ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന്റെ നിർമ്മാണത്തിന് അനുമതി ലഭിക്കുംവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രദേശം രണ്ടായി വിഭജിക്കപ്പെടും
എലിവേറ്റഡ് ഹൈവേയോ അടിപ്പാതയോ നിർമ്മിച്ചില്ലെങ്കിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടും. താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ മൂന്നു കിലോമീറ്റർ ദൂരമെങ്കിലും ചുറ്റേണ്ടി വരും. റോഡ് മുറിച്ചുകടക്കാൻ വഴിയില്ലാതെയായാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ ദുരിതത്തിലാകും. ഇതിനെതിരെ എലിവേറ്റഡ് ഹൈവേ കർമ്മ സമിതി 11 മാസമായി ബൈപാസ് ഓരത്ത് പന്തൽ കെട്ടി സമരം നടത്തിവരികയാണ്. ഇവിടെ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് 13 വർഷം മുമ്പ് തന്നെ പ്രദേശവാസികൾ ഉയർത്തുന്ന ആവശ്യമാണ്. നിർമ്മാണ വേളയിൽ അക്കാര്യം പരിഗണിക്കാമെന്ന് ദേശീയപാത അതോറിറ്റിയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ റോഡ് ക്രോസ് ചെയ്ത് പോകാൻ യാതൊരു സൗകര്യവും ഒരുക്കിയില്ല.