
തൃശൂർ : വീട്ടുമുറ്റത്ത് അച്ഛൻ ഒരുക്കിയ പിറ്റിൽ പരിശീലനം. ശേഷം റവന്യൂ ജില്ലാ കായികമേളയുടെ പിറ്റിൽ ഇരട്ട സഹോദരങ്ങൾക്ക് സ്വർണവും വെങ്കലവും. വല്ലച്ചിറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പി.എസ്.കർണനും സഹോദരൻ പി.എസ്.കിരണുമാണ് സിനീയർ വിഭാഗം ട്രിപ്പിൾ ജംപിൽ ഒന്നും മൂന്നും സ്ഥാനം നേടിയത്. കർണൻ 13.43 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ കിരൺ 12.50 മീറ്റർ ചാടിയാണ് വെങ്കലമുറപ്പിച്ചത്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കർണൻ ദേശീയ മീറ്റിലും പങ്കെടുത്തു. വല്ലച്ചിറ പകിരിപ്പാലത്ത് പുളിക്കൽ വീട്ടിൽ ഡോർ ഫിറ്റിംഗ് തൊഴിലാളിയായ സുനിൽ കുമാർ വീട്ടിലെ പരിമിതമായ സ്ഥലത്ത് ഒരുക്കി കൊടുത്ത പിറ്റിലാണ് ഇരുവരും പരിശീലനം നടത്തിയത്. സ്‌കൂളിൽ കായികദ്ധ്യാപകൻ പോലും ഇല്ലാത്തതിനാൽ സ്വന്തമായായിരുന്നു പരിശീലനം. സഹോദരി കാജൽ 200, 100മീറ്ററുകളിൽ മത്സരിച്ചിരുന്നു. സിമിയാണ് അമ്മ.