1

തൃശൂർ : ഓട്ടോ എക്‌സ്‌പോയ്ക്ക് ഒപ്പം ആദ്യമായി റോബോട്ടിക്‌സും സമന്വയിപ്പിച്ച് ഗവ.എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന 'തൃശൂർ മോട്ടോർ ഷോ' 14ാം എഡിഷന് ഇന്ന് ശക്തൻ മൈതാനത്ത് തുടക്കം.

വാഹനങ്ങളുടെ അകവും പ്രവർത്തന രീതികളും അടുത്തറിയാവുന്ന എൻജിൻ മോർച്ചറി, പ്രീമിയം വിന്റേജ് കാറുകൾ, നിർമിത ബുദ്ധി വിർച്വൽ റിയാലിറ്റി മേഖലകളിലെയും ഓട്ടോമൊബൈൽ രംഗത്തെ നവീന സാങ്കേതികവിദ്യകളെയും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ഗെയിമിംഗ് സോൺ, ഹ്യൂമനോയ്ഡ് - ഓട്ടോണമസ് റോബോട്ടുകൾ എന്നിവ ഇവിടെ കാണാം. സൈക്കിൾ വ്‌ളോഗറും യൂട്യൂബറുമായ ജോയൽ ജോഷി, ബൈക്ക് റേസിംഗ് വിജയികളായ സെന, ആൽവിൻ സേവ്യർ, വാഹന ലോകത്ത് ഒക്ടേൻ ഗേൾ എന്നറിയപ്പെടുന്ന മിയ ജോസഫ്, ബൈക്ക് വ്‌ളോഗർ അരുൺ സ്‌മോക്കി തുടങ്ങി ഒട്ടേറെ പേർ ഓരോ ദിവസവും വിശിഷ്ടാതിഥികളായെത്തും. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് എക്‌സ്‌പോ. 27 വരെ തുടരും. ഇന്ന് രാവിലെ പത്തിന് മേയർ എം.കെ.വർഗീസ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.കെ.മീനാക്ഷി അദ്ധ്യക്ഷത വഹിക്കുമെന്ന് സ്റ്റാഫ് അഡൈ്വസർ പ്രൊഫ.ജെയി കെ.വർഗീസ്, ചീഫ് കോഓർഡിനേറ്റർ ചേതൻ സുരേഷ്, കൺവീനർ എം.അബ്ദുറൗഫ്, ആയിഷ റഫീഖ്, പ്രൊഫ.വി.ബി.രഞ്ജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.