
തൃശൂർ : നഗ്‌നപാദയായും പഴയ ഷൂ ധരിച്ചും സിന്തറ്റിക് ട്രാക്കിൽ ഓടിയതെല്ലാം പൊന്നാക്കിയ സൗമ്യദേവി അടുത്തമാസം എറണാകുളത്ത് സംസ്ഥാന കായിക മേളയിൽ സ്വന്തം സ്‌പൈക്കിട്ട് ഓടും, തൃശൂരിന്റെ പ്രതീക്ഷ നിറവേറ്റാൻ. സ്‌പൈക്കില്ലാതെയാണ് സൗമ്യദേവിയുടെ ഓട്ടമെന്ന വാർത്ത വന്നതോടെ സുമനസുകൾ സൗമ്യയ്ക്കാവശ്യമായ സ്‌പോർട്‌സ് ഉപകരണങ്ങളുമായി ഗ്രൗണ്ടിലെത്തി.
കഠിനാദ്ധ്വാനത്തിലൂടെ സൗമ്യദേവി നേടിയ മെഡലുകളെ കുറിച്ച് ' കേരള കൗമുദി' വാർത്ത നൽകിയിരുന്നു. പൂങ്കുന്നം സ്വദേശിയായ വിയ്യൂർ സെൻട്രൽ ജയിലിലെ പ്രിസൺ ഓഫീസറായ അജീഷാണ് സൗമ്യയ്ക്ക് സ്‌പൈക്ക് വാങ്ങാനുള്ള പണം കൈമാറിയത്. മാള ഉപജില്ലയിലെ കായികാദ്ധ്യാപകർ, റവന്യൂ ജില്ലാ കായികമേള റിപ്പോർട്ട് ചെയ്യാനെത്തിയ തൃശൂരിലെ മാദ്ധ്യമപ്രവർത്തകർ എന്നിവരും സ്‌പോർട്‌സ് ഷൂ ഉൾപ്പെടെയുള്ളവ സമ്മാനമായി നൽകി. മറ്റ് രണ്ട് സുമനസുകളും പണം കൈമാറി. മാള ഉപജില്ലയിലെ ആളൂർ ശ്രീനാരായണ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സൗമ്യ.
പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി. സ്വന്തമായി സ്‌പൈക്ക് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ അതിന് വാശി പിടിച്ചിട്ടില്ല. മികച്ച ഫുട്ബാൾ താരം കൂടിയായ സൗമ്യ ദേവി ജില്ലാ സീനീയർ ഫുട്ബാൾ ടീമിലും അംഗമാണ്. സ്‌കൂളിലെ കായിക അദ്ധ്യാപകൻ കെ.ആർ.സബീഷാണ് പരിശീലകൻ. ഇരട്ട സഹോദരി സ്മിത ദേവിയും 1500 മീറ്റർ മത്സരത്തിനെത്തിയിരുന്നു. സിനിമ തിയേറ്റർ ജീവനക്കാരായ പിതാവ് താണിപ്പാറ വയേരി വീട്ടിൽ പുഷ്പന്റെയും രമയുടെയും മകളാണ്.
ഓടിയതെല്ലാം പൊന്ന്
ആദ്യദിനം 800 മീറ്ററിൽ
രണ്ടാം ദിനം ക്രോസ് കൺട്രിയിൽ
സിനീയർ വിഭാഗം പെൺ. 1500 മീറ്റർ ഓട്ടത്തിൽ
മൂന്നാം ദിനം 3000 മീറ്റർ ഓട്ടത്തിൽ
ഇതുവരെയും സ്‌പൈക്ക് ഉപയോഗിച്ച് ഓടിയിട്ടില്ല. അടുത്ത ദിവസം മുതൽ ഓടണം
സൗമ്യദേവി.