
തൃശൂർ : മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതോടെ, ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വീറും വാശിയുമേറി. നാളെ രാവിലെ പത്തിന് മേപ്പാടം മൈതാനത്ത് എൽ.ഡി.എഫിന്റെ നിയോജക മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേശ് കുമാർ, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ എന്നിവർ പങ്കെടുക്കും.
യു.ഡി.എഫും പ്രധാന നേതാക്കളെ മണ്ഡലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനകം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പലതവണ മണ്ഡലത്തിലെത്തി.ഇന്നലെയും ഇന്നുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബഹ്‌നാൻ, പി.സി.വിഷ്ണുനാഥ്, പി.കെ.ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എൻ.ഡി.എ ക്യാമ്പിനെ ഉണർത്തി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ പഞ്ചായത്ത് കൺവെൻഷനിൽ പങ്കെടുത്തും വിവിധ മതസാമുദായിക നേതാക്കളെ സന്ദർശിച്ചും രംഗത്തുണ്ട്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിലെത്തിയിരുന്നു.
പഞ്ചായത്ത്, ബൂത്തുതല കൺവെൻഷൻ പൂർത്തീകരിച്ച് കുടുംബ സംഗമങ്ങളിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. പി.വി.അൻവറിന്റെ ഡി.എം.കെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ.കെ.സുധീറും സജീവമായി മണ്ഡലത്തിലുണ്ട്.