പാവറട്ടി: വെങ്കിടങ്ങ് ഉൾനാടൻ മേഖലയിൽ മത്സ്യ ആവാസ കേന്ദ്രങ്ങളുമായി ഫിഷറീസ് വകുപ്പ്. ജില്ലയിൽ ഏനാമ്മാവ് പള്ളിക്കടവ്, തൊയക്കാവ് കാളിയാമാക്കൽ എന്നിവിടങ്ങളിലാണ് ആവാസ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. 3.79 ലക്ഷം ചെലവഴിച്ചുള്ള പദ്ധതിക്ക് കഴിഞ്ഞ ജൂണിൽ അംഗീകാരം ലഭിച്ചിരുന്നു. ഏനാമ്മാവ് കായൽ, കനോലി കനാൽ എന്നിവിടങ്ങളിൽ ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി വർദ്ധിക്കും. പുഴയോരത്ത് നിർമ്മിക്കുന്ന ആവാസ കേന്ദ്രത്തിൽ മത്സ്യങ്ങൾക്ക് പ്രജനനം നടത്താനും കുഞ്ഞുങ്ങൾക്ക് യഥേഷ്ടം വളരാനും കഴിയും. മൂന്ന് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ആവാസ കേന്ദ്രത്തിൽ നിക്ഷേപിക്കും. ഏക്കലും, ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞതിനാൽ മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു വരുന്ന സാഹര്യത്തിലാണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി. പദ്ധതിയുടെ ഭാഗമായി പട്രോളിംഗ് ബോട്ടും അനുവദിക്കും. കണ്ടശ്ശാംകവ് മേഖലകളിലെ നിയമ വിരുദ്ധ മത്സ്യ ബന്ധനം ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. കരുവന്നൂർ മുതൽ ചേറ്റുവവരെ ബോട്ടിൽ രാത്രിയിലും പകലും നിരീക്ഷണം നടത്തും.

തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിയുമായി സഹകരിക്കുമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു വെങ്കിടങ്ങ് ഡിവിഷൻ ട്രഷറർ കെ.വി.മനോഹരൻ പദ്ധതി ബോധവത്കരണ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ യു.എ.ആനന്ദൻ അദ്ധ്യക്ഷനായി. ഫിഷറീസ് ഇൻസ്‌പെക്ടർ ഷാൻ,മുംതാസ് റസാക്ക്,പൂർണിമ മോഹൻ, കെ.കെമോഹനൻ, കെ. വി.മനോഹരൻ, ഷഹന എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വെങ്കിടങ്ങിൽ മത്സ്യ ആവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ
നൂറു കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ഗുണം ലഭിക്കും.
യു.എ.ആനന്ദൻ
വെങ്കിടങ്ങ് മത്സ്യത്തൊഴിലാളി
സഹകരണ സംഘം പ്രസിഡന്റ്


ചെലവ് 3.79 ലക്ഷം