soil-test
ദേശീയ പാതയിലെ ചിറങ്ങര സര്‍വ്വീസ് റോഡില്‍ നടന്ന മണ്ണ് പരിശോധന

കൊരട്ടി: അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡിലെ മണ്ണിന്റെ ബലക്ഷയ പരിശോധന നടത്തി.
ചിറങ്ങരയിൽ വാഹനങ്ങൾ തിരിച്ച് വിടുന്നതിന് ചിറങ്ങര- ചാലക്കുടി റൂട്ടിലെ റോഡിലാണ് മണ്ണിന്റെ ഉറപ്പ് പരിശോധിക്കുന്നത്. സ്‌കൂളിന്റെ മുൻഭാഗത്തായിരുന്നു എൻ.എച്ച്.ഐ.എ ഉദ്യോഗസ്ഥരുടെ പരിശോധന. ഏതെങ്കിലും ഭാഗത്ത് മണ്ണിന് ബലക്ഷയം അനുഭവപ്പെട്ടാൽ പരിഹരിക്കുകയാണ് ലക്ഷ്യം. ശേഷം സ്വപ്‌ന ചിത്രവരെയുള്ള സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടും. ഇതിന് സമാന്തരമായുള്ള ദേശീയ പാതയിലാണ് ആദ്യം അടിപ്പാത നിർമ്മാണം നടക്കുന്നത്. നിർമ്മാണം ആരംഭിച്ചതോടെ 25 മീറ്റർ ദൂരത്തിൽ സർവീസ് റോഡിലൂടെയാണ് മൂന്ന് ദിവസമായി വാഹനങ്ങൾ കടത്തി വിടുന്നത്. ഇതേ മാതൃകയിൽ മുരിങ്ങൂരിൽ ഈ ആഴ്ച അവസാനം അടിപ്പാത നിർമ്മാണത്തിന് തുടക്കമാകും. കൊരട്ടിയിലെ മേൽപ്പാല നിർമ്മാണം ഒക്ടോബർ 28ന് തുടങ്ങും. മൂന്നിടത്തും ആദ്യം അങ്കമാലി-തൃശൂർ റൂട്ടിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. അഞ്ച് കിലോ മീറ്റർ ദൂരത്തിനിടെ മൂന്നിടങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയ പാതയിലെ വാഹന ഗതാഗതത്തെ ഗുരുതരമായി ബാധിക്കും.

വാഹനഗതാഗതം സുഗമാക്കും

6.2 മീറ്റർ വീതിയിൽ സർവീസ് റോഡ് ഒരുക്കിയാൽ അടിപ്പാത നിർമ്മാണം പൂർത്തിയാകുന്നത് വരെ ദേശീയപാതയിലെ വാഹനഗതാഗതം സുഗമമായി നടത്താമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ചിറങ്ങര സിഗ്‌നൽ ജംഗ്ഷൻ മുതൽ സ്വപ്നചിത്ര വരെ ഏകദേശം 400 മീറ്റർ നീളം വരുന്ന സർവീസ് റോഡ് ബലപ്പെടുത്തൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് എൻ.എച്ച്.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ വലിയ ഭാരവാഹനങ്ങൾക്കും സർവീസ് റോഡിലൂടെ തടസമില്ലാതെ സഞ്ചരിക്കാനാകും. ട്രയൽ റണ്ണിന്റെ ഭാഗമായി മൂന്ന് ദിവസമായി 25 മീറ്റർ ദൂരത്തിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഇവിടെ സർവീസ് റോഡിലെ ഗതാഗതം സുഗമമായി കഴിഞ്ഞാൽ ഇതേ ദിശയിൽ സിഗ്‌നൽ ജംഗ്ഷന്റെ എതിർഭാഗത്തും പരിഷ്‌കാരം നടപ്പാക്കും. ഇതോടൊപ്പം ദേശീയപാതയിലെ ഈ ഭാഗത്തെ അടിപ്പാത നിർമ്മാണവും തുടങ്ങും.