1

തൃശൂർ : റവന്യൂ ജില്ലാ കായിക മേളയിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി തൃശൂർ ഈസ്റ്റ് ഉപജില്ല. കാൽഡിയൻ സ്‌കൂളിലെ താരങ്ങളുടെ മികവിൽ 18 സ്വർണവും 18 വെള്ളിയും ഏഴ് വെങ്കലവുമടക്കം 159 പോയിന്റാണ് ഈസ്റ്റ് നേടിയത്. മേളയുടെ ഒന്നാം ദിനം മുതൽ ഈസ്റ്റ് ഉപജില്ലയായിരുന്നു മുന്നിൽ. ഈസ്റ്റ് ഉപജില്ലയ്ക്ക് ഇത് ഹാട്രിക് നേട്ടമാണ്. 16 സ്വർണവും 10 വെള്ളിയും 10 വെങ്കലവുമായി 133 പോയിന്റ് നേടി മാള ഉപജില്ല റണ്ണർ അപ്പായി.

13 വീതം സ്വർണവും 9 വെള്ളിയുമടക്കം 127 പോയിന്റോടെ ആതിഥേയരായ കുന്നംകുളം മൂന്നാമത്തെത്തി. ചാലക്കുടി (122), ചാവക്കാട് (72), വടക്കാഞ്ചേരി (67), ചേർപ്പ് (63), വലപ്പാട് (59), കൊടുങ്ങല്ലൂർ (45), തൃശൂർ വെസ്റ്റ് (38), മുല്ലശേരി (10), ഇരിങ്ങാലക്കുട (3) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റുകൾ. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, അജിതാ കുമാരി, ജില്ലാ കോർഡിനേറ്റർ എ.എസ്.മിഥുൻ, കെ.കെ.മജീദ്, ടി.ഷൈല എന്നിവർ പങ്കെടുത്തു.

ഹാട്രിക്കിൽ കാൽഡിയൻ

സ്‌കൂൾ കായിക മേളയിൽ ഹാട്രിക്കോടെ, ആധിപത്യം ആവർത്തിച്ച് കാൽഡിയൻ സിറിയൻ സ്‌കൂൾ. എട്ട് സ്വർണം, ഒമ്പത് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 70 പോയിന്റ് നേടിയാണ് തൃശൂർ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് ജേതാക്കളായത്. ഓവറാൾ ചാമ്പ്യന്മാരായ ഈസ്റ്റ് ഉപജില്ല നേടിയ 159 പോയിന്റ് നേടിയതിൽ എഴുപത് പോയിന്റും കാൽഡിയന്റെ സംഭാവനയാണ്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 49 പോയിന്റ് കരസ്ഥമാക്കിയ മാള ഉപജില്ലയിലെ ആളൂർ ആർ.എം.ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാമത്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി 25 പോയിന്റ് നേടിയ പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് മൂന്നാമത്. ചാലക്കുടി കാർമ്മൽ എച്ച്.എസ്.എസ് (24), കുന്നംകുളം കരിക്കാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം (23) പോയിന്റുകൾ നേടി നാലും അഞ്ചും സ്ഥാനത്തെത്തി.