
വിയ്യൂർ: അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരന്റെ വഴിയോര തട്ടുകടയിൽ സാമൂഹികവിരുദ്ധർ ചത്ത ആടിന്റെ ചീഞ്ഞളിഞ്ഞ മാംസം തള്ളി. കോലഴി സ്വപ്നഭൂമി നിവാസിയായ ചാരചട്ടി മനോജ് (44) തൃശൂർ ഷൊർണൂർ റോഡിലാണ് തട്ടുകട നടത്തുന്നത്. ഭാര്യയുടെ ഒപ്പം കട തുറക്കാനെത്തിയപ്പോളാണ് മാലന്യം തള്ളിയത് കണ്ടത്. റോഡരികിൽ രണ്ടര വർഷമായി പ്രവർത്തിക്കുന്നു.
മൂന്ന് വർഷം മുമ്പ് പെരിങ്ങാവിലെ ഒരു കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളരുകയായിരുന്നു. കുടുംബത്തിന്റെ ഏകആശ്രയം ഈ തട്ടുകടയിലെ വരുമാനമാണ്. മനോജിന്റെ ചികിത്സയുടെ ഭാഗമായി വൻ സാമ്പത്തിക ബാദ്ധ്യതയിലാണ് കുടുംബം. വിദ്യാർത്ഥികളായ മൂന്ന് മക്കളും ഹാർട്ട് രോഗിയായ പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം വലിയ പ്രതിസന്ധിയിലാണ്. മനോജിനും അമ്മയ്ക്കും മരുന്നിന് മാത്രം ഒരു ദിവസം ഇരുനൂറ്റിയമ്പത് രൂപയോളം വേണ്ടി വരും. കോലഴി പള്ളി വികാരി ഫാ.ഫ്രാൻസിസ് വട്ടപ്പുള്ളിയാണ് തട്ടുകട ഇടാനാവശ്യമായ പണവും സാധന-സാമഗ്രികളും വാങ്ങി നൽകിയത്. എല്ലാ ദിവസവും രാവിലെ ഭർത്താവിനെ എടുത്തു കൊണ്ടുവന്ന് കടയിൽ ഇരുത്തി ഭാര്യയാണ് കടയിൽ ചായ, കാപ്പി അടക്കമുള്ള സാധനങ്ങളുണ്ടാക്കുന്നതും വിൽക്കുന്നതും. കടയുടെ മുന്നിലെ ഷീറ്റ് മാറ്റി മാലിന്യം ഉള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇവ നീക്കം ചെയ്തത്. മാലിന്യം തള്ളിയതിന്റെ പേരിൽ വിയ്യൂർ സ്‌റ്റേഷനിലെത്തി പരാതി നൽകാനുള്ള തയ്യറെടുപ്പിലാണ് മനോജ്. നാട്ടുകാർ ഫോണിലൂടെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലിസ് സ്ഥലത്തെത്തിയെങ്കിലും മനോജും കുടംബവും സ്ഥലത്ത് എത്താത്തതിനാൽ മടങ്ങി.