market
1

ഇരിങ്ങാലക്കുട : പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന്റെ മുന്നോടിയായി നഗരസഭ സായാഹ്ന മാർക്കറ്റ് പ്രവർത്തനം നിറുത്തി. മാർക്കറ്റിലെ കടയുടമകളോട് ഒഴിഞ്ഞുപോകാൻ നഗരസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ നഗരസഭ റവന്യു ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ ചന്തയുടെ പ്രവർത്തനം ആവസാനിപ്പിച്ച് സാധനങ്ങൾ കണ്ടുകെട്ടി ചന്ത അടച്ചുപൂട്ടി. കോടതി ഉത്തരവിനെ ധിക്കരിക്കാൻ സാധിക്കുകയില്ലെന്നും മതിയായ നോട്ടീസും മറ്റും നൽകി നിയമാനുസൃതമാണ് നടപടിയെന്നും അധികൃതർ വിശദീകരിച്ചു.

വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചന്ത ആരംഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. പെട്ടെന്ന് ഒഴിയണമെന്ന നഗരസഭ നിർദേശത്തിനെതിരേ വ്യാപാരികൾ പ്രതിഷേധിച്ചു. വികസനത്തിന് തങ്ങളെതിരല്ലെന്നും എന്നാൽ കച്ചവടം നടത്താൻ ബദൽ സംവിധാനം ഒരുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. അവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന കടകൾ പ്രവർത്തനം തുടരുകയാണെന്നും അവരെ ഒഴിപ്പിക്കുന്നത് വരെ തങ്ങൾക്കും കച്ചവടം ചെയ്യാൻ സാവകാശം അനുവദിക്കണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു.

പടിഞ്ഞാറൻ മേഖലയിലുള്ളവരുടെ ആശ്രയം

ആൽത്തറയ്ക്ക് തെക്കുഭാഗത്ത് 2006 ൽ ആരംഭിച്ച നഗരസഭ സായാഹ്ന ചന്ത നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് വലിയൊരു ആശ്രയമായിരുന്നു. ദിവസവും വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന മാർക്കറ്റ് വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. 19 സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും മത്സ്യസ്റ്റാളുകളാണ്. ചിക്കൻ, പച്ചക്കറി സ്റ്റാളുകളും ഇവിടെയുണ്ട്.