വടക്കാഞ്ചേരി: ആചാര അനുഷ്ഠാനങ്ങളോടെ ഉത്രാളി ഉൾപ്പെടെയുള്ള പൂരങ്ങളുടെ സുഗമമായ നടത്തിപ്പിന് അധികൃതർ നിയമത്തിന്റെ നൂലാമാലകൾ വെടിയണമെന്ന് ഉത്രാളി പൂരം കോർഡിനേഷൻ കമ്മിറ്റി യോഗം. കേന്ദ്ര എക്‌സ്‌പ്ലോസീവ് നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു. ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്, മറ്റ്പൂരം ചടങ്ങുകൾ സുഗമമായി നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം. 2000 കിലോ സംഭരണ ശേഷിയുള്ള ഉത്രാളിക്കാവിലെ മാഗസിന് (വെടിക്കെട്ട് സാമഗ്രി നിർമ്മാണശാല ) പെസോ ലൈസൻസുമുണ്ട്. കളക്ടർ അംഗീകരിച്ച ഫയർ ലൈൻ റൂട്ടും ഉത്രാളികാവിലുണ്ട്. എന്നിട്ടും വെടിക്കെട്ട് ദുഷ്‌കരമാണ്. കാണികളെ നിറുത്തുന്ന ദൂരം 50 മീറ്ററാക്കണമെന്നും ആവശ്യപെട്ടു. ചീഫ് കോഡിനേറ്റർ വി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. വിവിധ ദേശകമ്മറ്റി ഭാരവാഹികളായ എ. കെ. സതീഷ്‌കുമാർ, സി.എ.ശങ്കരൻകുട്ടി, ടി.പി.ഗിരീശൻ, പി.ആർ.സുരേഷ് കുമാർ, എം.പി.പ്രമോദ്, ബാലകൃഷ്ണൻ കുളഞ്ചേരി, പ്രശാന്ത് പുഴങ്കര, പി.എൻ.ജയൻ എന്നിവർ സംസാരിച്ചു.
നിവേദനം നൽകും
കേന്ദ്ര വ്യവസായ വകുപ്പിന്റെ കീഴിലുള്ള പെസോ നിയമങ്ങൾ വ്യവസായ വാണിജ്യ ആവശ്യങ്ങൾക്കുള്ളതാണ്. കേരളീയോത്സവങ്ങൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. കേരളത്തിന് മാത്രമായി പ്രത്യേക നിയമവ്യവസ്ഥ അനിവാര്യമാണെന്ന് യോഗം അറിയിച്ചു. പ്രധാനമന്ത്രി, കേന്ദ്ര വ്യവസായമന്ത്രി, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി എന്നിവർക്കും വിവിധ തലത്തിലെ ജനപ്രതിനിധികൾക്കും നിവേദനം നൽകാനും യോഗം തീരുമാനമെടുത്തു.