skill
1

കൊടുങ്ങല്ലൂർ : സമഗ്രശിക്ഷാ കേരളം വഴി കൊടുങ്ങല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുന്നു. കൗമാരക്കാർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ കേന്ദ്രം. നവംബർ ആദ്യവാരത്തോടെ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്യും.

നെപുണ്യ വികസന കേന്ദ്രത്തിന്റെ സ്‌കൂൾതല സമിതി രൂപീകരണയോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ആർ. കൃഷ്ണപ്രിയ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് ഷബാന പി. ഷാഫി, ഡി.പി.ഒ: കെ. ബി. ബ്രിജി, ബി.ആർ.സി ട്രെയിനർ നിതു സുഭാഷ്, അദ്ധ്യാപകരായ കെ.ബി. ബിനു, എസ്. സുമയ്യ, പി.എസ്. ശെൽവി, പി.ടി.എ പ്രസിഡന്റ് കെ.ബി. സനോജ് എന്നിവർ സംസാരിച്ചു.

ആദ്യം മൂന്ന് കോഴ്സുകൾ

വെബ് ഡെവലപ്പർ, സർവീസ് ആൻഡ് മെയിന്റനൻസ് ടെക്‌നീഷ്യൻ, ഫാം മെഷിനറി എന്നീ കോഴ്‌സുകളാണ് ഇവിടെ നിലവിൽ അനുവദിച്ചിട്ടുള്ളത്. ജില്ലയിൽ ആകെ ഈ സെന്ററിൽ മാത്രമാണ് പ്രസ്തുത കോഴ്‌സുകൾ പഠിക്കാൻ അവസരമുള്ളത്. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. 15 മുതൽ 23 വരെ ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തികച്ചും സൗജന്യമായി പഠിപ്പിക്കുന്ന ഈ കോഴ്‌സുകളുടെ കലാവധി ശരാശരി ആറ് മാസം മുതൽ ഒരു വർഷം വരെയാണ്. കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ നൈപുണ്യ വികസന കേന്ദ്രം നൽകുന്ന സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.