elephant-attack
അതിരപ്പിള്ളി പ്ലാന്‌റേഷൻ പതിനേഴാം ബ്ലോക്കിൽ അംഗനവാടി കെട്ടിടത്തിന് മുകളിലേയക്ക് ആനകൾ എണ്ണപ്പന

അതിരപ്പിള്ളി: പ്ലാന്റേഷൻ കോർപ്പറേഷൻ പരിധിയിലെ അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന. പ്ലാന്റേഷൻ ഷെഡിൽ പ്രവർത്തിക്കുന്ന അയ്യമ്പുഴ പഞ്ചായത്ത് വക അംഗൻവാടിയുടെ ഷീറ്റ് മേഞ്ഞ ഷെഡിന്റെ മദ്ധ്യഭാഗത്താണ് എണ്ണപ്പന കടപുഴകി വീണത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഏതാനും ദിവസം മുമ്പ് സമീപത്തെ മറ്റൊരു എണ്ണപ്പന ആനകൾ മറിച്ചിട്ടിരുന്നു. ഇതും അംഗൻവാടിയുടെ ഷെഡിന്റെ സമീപത്താണ് പതിച്ചത്. മൂന്ന് ദിവസമായി അംഗൻവാടിയുടെ പരിസരത്ത് ആനക്കൂട്ടം തമ്പടിച്ചിരുന്നു. തൊഴിലാളികൾ സ്ഥലം മാറി പോയതോടെ 30 ഒാളം കുട്ടികൾ പഠിച്ചിരുന്ന അംഗൻവാടിയിൽ ഇപ്പോൾ മൂന്ന് കുട്ടികളാണുള്ളത്. കഴിഞ്ഞ ദിവസം ക്ലാസ് നടന്നുകൊണ്ടിരിക്കെ ആനകൾ എത്തിയതിനെ തുടർന്ന് അദ്ധ്യാപിക കുട്ടികളുമായി ക്ലാസിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടിരുന്നു. ഷെഡ് തകർന്നതോടെ അംഗൻവാടിയുടെ പ്രവർത്തനം നിറുത്തിവച്ചു. രണ്ട് ദിവസത്തിന് ശേഷം അംഗൻവാടി തുറന്നു പ്രവർത്തിക്കുമെന്ന് പ്ലാന്റേഷൻ മാനേജർ അറിയിച്ചു.


ആദ്യം കൗതുകം ഇപ്പോൾ ഭയം

ആദ്യ കാലങ്ങളിൽ എണ്ണപ്പന തോട്ടത്തിൽ ആനകളെ കാണുമ്പോൾ കൗതുകമായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. കൂട്ടത്തോടെ ആനകൾ നിൽക്കുന്നത് അപൂർവ കാഴ്ചയായി. എന്നാൽ അടിക്കടി ആനകൾ എത്തുന്നത് തൊഴിലാളികളെ ഭീതിയിലാക്കി. ജീവൻ പണയപ്പെടുത്തിയാണ് ഇപ്പോൾ തൊഴിലാളികൾ ജീവിക്കുന്നത്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഇവയെ തുരത്തുന്നത് എളുപ്പമായിരുന്നു. എന്നാൽ ഇന്ന് ഇത് നടക്കുന്നില്ല. ആനകൾ തൊഴിലാളി ലയങ്ങളിലെത്തി കെട്ടിടം തകർക്കുന്നത് സ്ഥിരമായി. എണ്ണപ്പന തോട്ടത്തിന്റെ പലയിടത്തും ആനക്കൂട്ടം ഇപ്പോൾ തമ്പടിക്കുകയാണ്.


രക്ഷാ ദൗത്യവുമായി ആർ.ആർ.ടി സംഘം


പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ രക്ഷാ ദൗത്യവുമായി ആർ.ആർ.ടി സംഘം. മൂന്നു സംഘമാണ് ജീപ്പുകളിലെത്തി പകലും രാത്രിയും നിരന്തരം പ്രവർത്തിക്കുന്നത്. സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചും ഇവർ റോന്ത് ചുറ്റുന്നുണ്ട്. അയ്യമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധയിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.