തൃശൂർ : ചേലക്കരയിലെ രാഷ്ട്രീയ യുദ്ധമുഖം തുറക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിലെത്തും. മേപ്പാടത്ത് രാവിലെ പത്തിന് നടക്കുന്ന കൺവെൻഷനിൽ മുഖ്യമന്ത്രി സംസാരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേശ് കുമാർ, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ എന്നിവർ പങ്കെടുക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ് ഇന്നലെ കലാമണ്ഡലത്തിൽ സന്ദർശനം നടത്തി. ഇന്നലെ ചേലക്കര പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തെങ്കിലും പ്രസംഗിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മൂന്നാം തവണയാണ് സതീശൻ മണ്ഡലത്തിലെത്തുന്നത്. പി.സി.വിഷ്ണുനാഥാണ് ഉദ്ഘാടനം ചെയ്തത്. യൂത്ത്‌കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ്ഭാനു ചിബുമെത്തിയിരുന്നു. പഴയന്നൂർ പഞ്ചായത്ത് കൺവെൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടി ഇന്ന് മണ്ഡലത്തിലെത്തിലെത്തും. സ്ഥാനാർത്ഥി എട്ടിന് അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്നലെ പര്യടനത്തിന് തുടക്കം കുറിച്ചു. മേപ്പാടം സെന്റർ, പുലാക്കോട് , പങ്ങാരപ്പിള്ളി, വെങ്ങാനെല്ലൂർ തുടങ്ങിയ ജംഗ്ഷനുകളിൽ സ്വീകരണം ഏറ്റുവാങ്ങി.

177 പോളിംഗ് സ്‌റ്റേഷനുകൾ

ചേലക്കര നിയോജക മണ്ഡലത്തിൽ 177 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഉപതിരഞ്ഞെടുപ്പിന്റെ ജനറൽ ഒബ്‌സർവറായ മുജീബുർ റഹ്മാൻ ഖാൻ ജില്ലയിലെത്തി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന ഓഫീസിൽ വൈകീട്ട് 3 മുതൽ 5 മണി വരെ വോട്ടർമാർക്ക് ജനറൽ ഒബ്‌സർവറെ കാണാൻ സൗകര്യമുണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 9826015105, 8075373863.

യു.ഡി.എഫ്.ഇത്തവണ ചേലക്കര തിരിച്ച് പിടിക്കും. സാധാരണ ജനങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും കൊണ്ട് നെട്ടോട്ടമോടുകയാണ് ജനം. പിണറായിയുടെയും നരേന്ദ്രമോദിയുടെയും ഏകാധിപത്യത്തിനെതിരെ വിധിയെഴുതാൻ ജനം കാത്തിരിക്കുകയാണ്.


പി.സി.വിഷ്ണുനാഥ്
യു.ഡി.എഫ്.മണ്ഡലം കൺവെൻഷനിൽ പറഞ്ഞത്.