
ചാലക്കുടി: വീട്ടുമുറ്റത്തെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടിയിൽ മഴുവഞ്ചേരി തോമസിന്റെ ഭാര്യ നിർമ്മലയ്ക്കാണ് (52) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കൂട്ടമായി പോയിരുന്ന കാട്ടുപന്നികളിൽ ഒന്നാണ് വീടിനടുത്തേക്ക് പാഞ്ഞെത്തിയത്. ഇതിനെ കണ്ട നിർമ്മല വീടിനകത്തേക്ക് ഓടിക്കയറി. ഇതിനിടെ നിലത്തുവീണ അവരുടെ കാലിന്റെ എല്ല് പൊട്ടി. ബഹളം വച്ചതിനെ തുടർന്ന് പന്നി പിന്നീട് തിരിച്ചുപോയി. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം വ്യാപകമാണ്. ഇരുചക്ര വാഹനയാത്രികരും അപകടത്തിൽപെടുന്നത് പതിവാണ്. പകലും പന്നിക്കൂട്ടം വിജനമായ പറമ്പുകളിൽ തമ്പടിക്കുന്നുണ്ട്. കർഷകർക്കും ഇവ കനത്ത നഷ്ടമാണ് വരുത്തുന്നത്. വിളവെടുപ്പിന് പാകമായ കായ, കപ്പ തുടങ്ങിയവ പന്നിക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്. ഇതുമൂലം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഗവ. യു.പി സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും കാട്ടുപന്നികൾ ഭീഷണിയാണ്. കാട്ടുപന്നികളുടെ ശല്യത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ഇ.എ.ജയതികന്റെ നേതൃത്വത്തില്‍ നിവേദനം തയ്യാറാക്കി അധികാരികള്‍ക്ക് കൈമാറി.