
തൃശൂർ: ഹവാല പണവും സ്വർണവും പിടിച്ചത് ഉൾപ്പെടെ മലപ്പുറം ജില്ലയിലെ കുറ്റകൃത്യങ്ങൾ സമുദായത്തിന്റെ പെടലിയിൽ കെട്ടിവയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും,കുറ്റകൃത്യത്തെ അങ്ങനെയാണ് കാണേണ്ടതെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .
മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടത്തിയെന്നാണ് ചിലരുടെ പ്രചാരണം. വർഗീയ ചേരിതിരിവുണ്ടാക്കാനേ
അത് സഹായിക്കൂ. അതിന് ശ്രമിച്ചത് സംഘപരിവാറാണ്. അതിൽ കോൺഗ്രസും കൂട്ടു കൂടി. മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ഇ.എം.എസ് സർക്കാർ തയ്യാറായത്. അപ്പോൾ കൊച്ചു പാകിസ്ഥാനെന്ന് വിളിച്ച സംഘപരിവാറിനൊപ്പമാണ് കോൺഗ്രസ്. കോൺഗ്രസിനൊപ്പം ലീഗും പോയി. കോഴിക്കോട് എയർപോർട്ട് മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ്. അവിടെ പലരും വന്നു പോകും. അവിടത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് മലപ്പുറം ജില്ലയിലാകും. അതിലെന്തിനാണ് വല്ലാതെ പൊള്ളുന്നത്?. കഴിഞ്ഞ മൂന്ന് കൊല്ലത്തിൽ 147.7 കിലോ സ്വർണം പിടിച്ചു. ഇതിൽ 124 കിലോയും, 2020 മുതൽ 122.5 കോടി ഹവാല പണം പിടിച്ചതിൽ 88.22 കോടിയും കരിപ്പൂർ വഴിയാണ് വന്നത്. അതിലെന്തിനാണ് വേവലാതി?. ഇക്കാര്യം പറഞ്ഞാൽ അതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാകും. നിയമവിരുദ്ധ പ്രവർത്തനത്തിന് എതിരെ സർക്കാർ സ്വീകരിക്കേണ്ട സ്വാഭാവിക നടപടിയാണത്. എന്നാൽ ചെയ്യാൻ പറ്റാത്തത് ചെയ്തതു പോലെയാണ് പ്രചാരണം. ചിലർ ജാഥ നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കരുതെന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷനായി. മന്ത്രിമാരായ ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, മുഹമ്മദ് റിയാസ്, വി.അബ്ദുൾ റഹ്മാൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, കെ.രാധാകൃഷ്ണൻ എം.പി, തോമസ് ഐസക്, കെ.ടി.ജലീൽ, സി.എസ്.സുജാത എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസിന് വർഗീയതയുടെ
ആടയാഭരണം
ചേലക്കര: മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു..
കേരളം വർഗീയതയില്ലാത്ത നാടല്ല, എന്നാൽ വർഗീയ സംഘർഷമില്ല. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത് കൊണ്ടാണ് വർഗീയ സംഘർഷമില്ലാത്തത്. അവിടെയാണ് എൽ.ഡി.എഫ് വ്യത്യസ്തമാകുന്നത്. ബി.ജെ.പി അന്യമത വിരോധത്തിന്റെ ഭാഗമായി അക്രമം നടപ്പാക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന്റെ 87,000 വോട്ട് ചോർന്നത് ബി.ജെ.പിയുടെ ജയത്തിന് വഴിയൊരുക്കി. എൽ.ഡി.എഫിന് 16,000 വോട്ട് കൂടി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയോട് എൽ.ഡി.എഫിന് വിട്ടുവീഴ്ചയില്ല. എന്നാൽ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും പ്രീണിപ്പിച്ചു. തത്കാലം വോട്ട് പോരട്ടെയെന്നാണ് നിലപാട്. മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയെ ചേർത്തു പിടിക്കുന്നത് അതിനാണ്..