അന്നമട : നിർദ്ധന വിദ്യാർത്ഥികൾക്ക് തുണയാകാൻ ഡയപ്പർ ബാങ്കുമായി അന്നമനട പഞ്ചായത്ത്. മാള ബി.ആർ.സി പരിധിയിലുള്ള കുടുംബങ്ങളിലെ കിടപ്പുരോഗികളായ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യമായി ഡയപ്പർ എത്തിച്ച് നൽകുന്നതാണ് പദ്ധതി. ഇത്തരത്തിൽ ബി.ആർ.സി പരിധിയിലുള്ള 40 കുട്ടികളുടെ കുടുംബത്തിനാണ് പ്രതിദിനം ഡയപ്പർ എത്തിച്ച് നൽകുക. കുട്ടികൾക്ക് ദിവസവും ഡയപ്പർ വാങ്ങുന്നതിന് വലിയൊരു തുകയാണ് ചെലവാകുന്നത്. ആ ചെലവ് അവരെ സാമ്പത്തികമായി പിന്നോട്ടടിക്കും. ആ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഡയപ്പർ ബാങ്ക് ഉദ്ഘാടനം ചെയ്തു. ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷയായി. കെ.ഐ. ഇക്ബാൽ, ഷീജ നസീർ, ബ്രിജി, ഡോ. ലിജു എന്നിവർ പ്രസംഗിച്ചു.
എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തനം
എസ്.എസ്.കെയുടെ ഫണ്ട് ഉപയോഗിച്ചാണ് ഡയപ്പർ ബാങ്ക് നടത്തുന്നത്. സ്‌പോൺസർമാരെ കണ്ടെത്തി അവരുടെ സഹായം കൂടി സ്വീകരിക്കാനും ഉദ്ദേശമുണ്ട്. മാള സെന്റ് ആന്റണീസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, ആളൂർ ലയൺസ് ക്ലബ്, അഷ്ടമിച്ചിറ സഹകരണ ബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് ആദ്യഘട്ട ഡയപ്പർ വിതരണം പൂർത്തീകരിച്ചത്.